ന്യൂഡൽഹി: ഇന്ത്യൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്കു പ്രായപൂർത്തിയാകാത്തതിനാൽ ബിസിസിഐയുടെ പ്രത്യേക അനുമതിയോടെ മാതാപിതാക്കൾ ഇന്ത്യൻ ടീമിനൊപ്പം ശ്രീലങ്കയിലേക്കും യുകെയിലേക്കും യാത്ര ചെയ്യും. വൈഭവിനെ ഇന്ത്യൻ ടി20 ടീമിലേക്ക് തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് പുതിയ ഈ നീക്കം. ആദ്യമായി മുതിർന്ന കളിക്കാർക്കൊപ്പമുള്ള ടീമിലേക്ക് എത്തുന്ന വൈഭവിന് 15 വയസ് മാത്രമേ പ്രായമുള്ളുവെന്ന് കണക്കിലെടുത്ത് ബിസിസിഐ പ്രത്യേക ഇളവുകൾ നൽകുകയായിരുന്നു.
അതേസമയം 16-ാം വയസിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തുകൊണ്ട് ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനൊരുങ്ങുകയാണ് ഈ കൊച്ചുപയ്യൻ. സാധാരണമായി കളിക്കാർക്കൊപ്പം മാതാപിതാക്കളെ യാത്ര ചെയ്യാൻ അനുവദിക്കാറില്ലെങ്കിലും വൈഭവിന്റെ പ്രായവും കഴിവും കണക്കിലെടുത്ത് പ്രത്യേക അനുമതി നൽകുകയാണെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി.
ഇന്ത്യ എ ടീമിൽനിന്ന് സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വൈഭവ് ഒരു മൈനറായതുകൊണ്ട് മുതിർന്ന താരങ്ങൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമാണെന്ന് ബോർഡ് കരുതുന്നത്. യുകെ പര്യടനത്തിലും ഇതേ പിന്തുണ നൽകാൻ ബിസിസിഐ തയ്യാറാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അണ്ടർ-19 മത്സരങ്ങളിലേയും ഐപിഎലിലേയും മിന്നും പ്രകടനങ്ങളാണ് വൈഭവിനെ ഇത്ര വേഗത്തിൽ ദേശീയ ടീമിലേക്ക് എത്തിച്ചത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വെറും 23 മത്സരങ്ങളിൽനിന്ന് ആയിരത്തിലധികം റൺസ് നേടാൻ ഈ ഇടംകയ്യൻ ബാറ്റർക്ക് കഴിഞ്ഞിട്ടുണ്ട്.


















































