കൊൽക്കത്ത: ടിഎംസി മുതിർന്ന നേതാവും എംഎൽഎയുമായ മഥൻ മിത്രയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയെറിഞ്ഞ് ആള്‍ക്കൂട്ടം. കമർഹതി മണ്ഡലത്തിലെ അരിയാദഹ പ്രദേശത്ത് വച്ച് ശനിയാഴ്ചയായിരുന്നു സംഭവം. അരിയാദഹ പ്രദേശത്തുണ്ടായ ചില പ്രശ്‌നങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മദൻമിത്ര. എന്നാൽ, മദൻ മിത്രയുടെ വാഹനവ്യൂഹത്തിന് നേരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി വരികയും മുട്ട എറിയുകയുമായിരുന്നു. ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തിരികെ താ എന്നു പറഞ്ഞായിരുന്നു പ്രതിഷേധക്കാരുടെ രോഷ പ്രകടനം.
എന്നാൽ, വാഹനം നടക്കുമ്പോൾ താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നും ഇത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധമാണെന്നും മഥൻ മിത്ര പിന്നീട് പ്രതികരിച്ചു.
കമർഹതിയിലെ 14-ാം വാർഡ് അംഗത്തിന്റെ വീടിന്റെ മുന്നിൽ വച്ചാണ് പ്രതിഷേധം തുടങ്ങിയത്. വർഷങ്ങളായി തൃണമൂൽ നേതാക്കൾ തങ്ങളിൽ നിന്ന് അനധികൃതമായി പിരിച്ചെടുത്ത കട്ട്മണി (കൈക്കൂലിപ്പണം) തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ, ഇ-ഓട്ടോ തൊഴിലാളികളാണ് ഇവിടെ ആദ്യം സംഘടിച്ച് എത്തിയത്.
കഴിഞ്ഞ ആഴ്ച തൃണമൂൽ കോൺഗ്രസ് ദേശിയ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിക്ക് നേരെയും മുട്ടയാക്രമം ഉണ്ടായിരുന്നു. സോനാർപൂരിൽ അന്തരിച്ച പാർട്ടി പ്രവർത്തകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു അഭിഷേക് ബാനർജിക്ക് നേരെയുള്ള ആക്രമണം. ഏറെ പണി പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥർ അഭിജിത്ത് ബാനർജിയെ രക്ഷപ്പെടുത്തിയത്.


















































