ന്യൂഡൽഹി: സി.ജെ.പി. പ്രതിഷേധം ശക്തമാകുന്നതിനിടെ ഡൽഹിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനായി 30 കമ്പനി അധിക കേന്ദ്രസേനയെ കൂടി വിന്യസിച്ചു. ഇതോടെ തലസ്ഥാനത്ത് പ്രതിഷേധം നേരിടാൻ നിയോഗിച്ച കേന്ദ്രസേനാ കമ്പനികളുടെ എണ്ണം 45 ആയി.
34 ദിവസം പിന്നിട്ട സമരത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കളും വിദ്യാർഥികളും തുടർച്ചയായി ജന്തർ മന്തറിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് കൂടുതൽ സേനയെ വിന്യസിച്ചത്. രാത്രിയിലും വിവിധയിടങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യവും സുരക്ഷ ശക്തമാക്കാൻ കാരണമായതായി അധികൃതർ അറിയിച്ചു.
അടിയന്തര ക്രമീകരണത്തിന്റെ ഭാഗമായി വിമാനമാർഗമാണ് സേനയെ ഡൽഹിയിലെത്തിച്ചത്. വിന്യസിച്ച 30 കമ്പനികളിൽ 18 എണ്ണം സി.ആർ.പി.എഫ്., ആറു കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്.), മൂന്ന് കമ്പനി ബി.എസ്.എഫ്., രണ്ട് കമ്പനി എസ്.എസ്.ബി., ഒരു കമ്പനി ഐ.ടി.ബി.പി. എന്നിവയാണ്.
Related Post
അതേസമയം, പാർലമെന്റ് മാർച്ചിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഛത്രപൂർ സ്വദേശിനി സാക്ഷിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ടുകൾ. കുടുംബം പൊലീസ് നിരീക്ഷണത്തിലാണെന്നും ചികിത്സ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെയും പൊലീസ് നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ, പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാർ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തിയെന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായും, ഒരു ദ്രുതകർമ സേനാംഗത്തിന് വാൾ ഉപയോഗിച്ച് ആക്രമണമുണ്ടായതായും പൊലീസ് ആരോപിച്ചു.
അതേസമയം, സി.ജെ.പി. സമരത്തിന് വിദേശ ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്ന ആരോപണത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും. അഖില ഭാരത ഹിന്ദു മഹാസഭ സമർപ്പിച്ച ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സമ്മതം നൽകിയിട്ടുണ്ട്. സമരത്തിന് പിന്നിൽ രാജ്യവിരുദ്ധ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിലെ ആരോപണം.

















































