ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെ കുരുക്കി എസ്ഐമാരുടെ മൊഴി. അന്വേഷണ റിപ്പോർട്ട് തിരുത്താൻ തങ്ങളെ സമ്മർദ്ദം ചെലുത്തിയെന്ന് എംആർ അജിത്കുമാറിന്റെ മുൻ ഓഫീസിലെ ഉദ്യോഗസ്ഥർ മൊഴി നൽകി. തങ്ങൾ മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും എസ്‌ഐടിക്ക് മുന്നിൽ ഉദ്യോഗസ്ഥർ മൊഴി നൽകിയതായി റിപ്പോർട്ട്.
പെൻഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി മൂന്ന് ദിവസം കൊണ്ടാണ് തിരുത്തിയതെന്നും റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതി ചേർത്തുവെന്നും എസ്ഐമാർ നൽകിയ മൊഴിയിൽ പറയുന്നു. മാത്രമല്ല പോലീസ് ഫോട്ടോഗ്രാഫർക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലായിരുന്നു. ഫോട്ടോഗ്രാഫർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഏറ്റവും പിന്നിലായാണ് സഞ്ചരിച്ചത്. ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. തങ്ങൾക്ക് കേസിൽ നേരിട്ട് ബന്ധമില്ലെന്നും എസ്‌ഐമാരുടെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയത്.
അതേസമയം എസ്‌ഐമാരുടെ മൊഴി നിർണായകമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതും ഇനി പരിശോധനയുടെ പരിധിയിൽ വരും. ഇവരെ സാക്ഷികളാക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ രണ്ട് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാർ നേരത്തെ പ്രതികരിച്ചത്.
















































