തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവറെ മർദ്ദിച്ചെന്ന പരാതി കേസെടുക്കാതെ അന്വേഷണം നടത്താൻ നിർദേശം. റെയിൽവേ എസ്പിക്കാണ് അന്വേഷണച്ചുമതതല. കഴിഞ്ഞ ദിവസമാണ് എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കു നേരെ പോലീസിന്റെ കയ്യേറ്റമുണ്ടായെന്ന പരാതി ഉയർന്നത്.
അതേസമയം മർദ്ദനം നടന്നിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസും റിപ്പോർട്ട് നൽകിയിരുന്നു.
ശനിയാഴ്ച തമ്പാനൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നായിരുന്നു പരാതി.
പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് തന്നെ കയ്യേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരാതി അടിസ്ഥാന രഹിതമെന്നാണ് റെയിൽവേ പോലീസ് പ്രതികരിച്ചത്. ഡ്രൈവറെ മർദ്ദിച്ചില്ലെന്നായിരുന്നു അവർ നൽകിയ വിശദീകരണം.






