തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ വി മുരളീധരൻ എംഎൽഎ മിഠായി മേശപ്പുറത്തിട്ടുകൊടുത്ത രീതിക്കെതിരെ പ്രതികരണവുമായി എഎ റഹീം എംപിയും. മിഠായി എറിഞ്ഞ് കൊടുത്ത സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എംഎൽഎ നിരുപാധികം മാപ്പ് പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ’ എന്ന് പറഞ്ഞുകൊണ്ടാണ് റഹീം കുറിപ്പ് ആരംഭിച്ചത്. ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂവെന്നും മനുസ്മൃതി അല്ല, അംബേദ്കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്കെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
‘നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ!മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?
അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ, സ്‌നേഹിക്കാൻ മാത്രം അറിയുന്നവർ. അവരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവർത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു.
ഒന്നിലേറെത്തവണ ആ സ്‌കൂളിൽ പോകുകയും, ആ മക്കളുടെ സ്‌നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്‌നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്…
ആ കുരുന്നുകളോട് എങ്ങനെ പെരുമാറാൻ
അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ..
ഇതേ സ്‌കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എംഎൽഎ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻ പോയത്. സംസ്ഥാനത്തിന്റെ വിവിധ ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള പെൺകുട്ടികളാണ് ഈ സ്‌കൂളിലുള്ളത്. മിടുക്കരായ കുട്ടികൾ. മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എംഎൽഎ നിരുപാധികം മാപ്പ് പറയണം. മനുസ്മൃതി അല്ല, അംബേദ്കറും, ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്’
അതേസമയം കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ കവറിൽ നിന്നും മേശപ്പുറത്തേക്ക് ഇട്ടു കൊടുക്കുക്ക വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ എംഎൽഎക്കെതിരെ രൂപക്ഷ വിമർശനമാണ് ഉയരുന്നത്. വി മുരളീധരനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. ഒരു കുട്ടി മിഠായി കവറിൽ നിന്ന് എടുക്കാൻ നോക്കുമ്പോൾ എംഎൽഎ മേശപ്പുറത്തേക്ക് ഇട്ടുകൊടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുരളീധരൻ മാടമ്പിമാരെ പോലെ പെരുമാറി. കേരളത്തെ നാണം കെടുത്തുന്ന പെരുമാറ്റമാണിത്. രാഷ്ട്രീയം നോക്കിയല്ല, ദൃശ്യം കണ്ടപ്പോളുള്ള വേദനയിൽ പറയുന്നതാണെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി എ തുളസിയെയും വീഡിയോയിൽ കാണാം.






