മൂന്നാർ: യുവതിയെ തട്ടിക്കൊണ്ടുപോയെന്ന ഫോൺ കോളിനു പിന്നാലെ മൂന്നാർ, വെള്ളത്തൂവൽ സ്റ്റേഷനുകളിലെ പോലീസുകാർ പരക്കംപാഞ്ഞത് മണിക്കൂറുകളോളം. 31-ന് ഉച്ചകഴിഞ്ഞാണ് പോലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ഒരു ടാക്‌സി ഡ്രൈവറുടെ ഫോൺ കോളെത്തിയത്. ആനച്ചാൽ ടൗണിൽ നിന്ന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആ സന്ദേശം.
കേട്ടപാടെ മൂന്നാർ, വെള്ളത്തൂവൽ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിലായി പരിശോധന ആരംഭിച്ചു. ഇതിനിടെ തട്ടിക്കൊണ്ടുപോയെ കാറിന്റെ നമ്പർ ലഭിച്ചു. ചിത്തിരപുരം സ്വദേശിയുടേതാണ് കാറെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് സംഘം ഉടമയുടെ വീട്ടിലെത്തി. അപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റ് പോലീസിന് പിടികിട്ടിയത്. കാറിൽ കയറ്റിക്കൊണ്ടുപോയത് മറ്റാരെയുമല്ല സ്വന്തം ഭാര്യയെ…
ആനച്ചാൽ ടൗണിൽ വെച്ച് കാറിൽ നിന്നിറങ്ങുന്നതിനിടെ ഡോറിൽ തട്ടി താഴെ വീണ ഭാര്യയെ ധൃതിയിൽ എടുത്ത് കാറിൽ കിടത്തി വേഗത്തിൽ പോയ സംഭവമാണ് തട്ടിക്കൊണ്ടുപോകൽ കഥയായത്. പോലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് വിവരം ദമ്പതികൾ അറിഞ്ഞതുതന്നെ.


















































