ദുബായ്: ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു. യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തവുമുണ്ടായി. നാല് മിസൈലാക്രമണമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാനു നേരെയും ഇറാൻ ആക്രമണം നടത്തിയെന്നും വിവരമുണ്ട്.
വെടിനിർത്തൽ കരാറിനു പിന്നാലെ പൊതുവേ ശാന്തമായിരുന്ന പശ്ചിമേഷ്യൻ അന്തരീക്ഷമാണ് വീണ്ടും സംഘർഷഭരിതമാകുന്നത്. ഇറാന്റെ ഭാഗത്തുനിന്നുമുള്ള അപ്രതീക്ഷിത ആക്രമണം യുഎഇയെ ഞെട്ടിച്ചിരിക്കുകയാണ്, നാല് മിസൈലാക്രമണങ്ങളിൽ മൂന്നെണ്ണം പ്രതിരോധിച്ചുവെന്നും ഒരെണ്ണം കടലിൽ പതിച്ചുവെന്നുമാണ് യുഎഇ പറയുന്നത്.
ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ആഗോള എണ്ണവിതരണത്തിന് നിർണായകമായ കടൽപാതയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങളും സൈനിക നീക്കങ്ങളും വർധിച്ചതോടെ പ്രദേശം അതീവ സംഘർഷഭരിതമായി.
അതേസമയം, ഇറാൻ വിവിധ കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ദക്ഷിണകൊറിയൻ ചരക്കുകപ്പൽ ഉൾപ്പെടെ ചില കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. യുഎഇയുടെ ഒരു ടാങ്കറിനും ഡ്രോൺ ആക്രമണം നേരിട്ടെങ്കിലും ആളപായമില്ലെന്നാണ് വിവരം.
ഇതിന് മറുപടിയായി, അമേരിക്കൻ സേന ഹോർമൂസിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. ഇറാന്റെ ആക്രമണശ്രമങ്ങൾ തടയുന്നതിനിടെ യുഎസ് ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ തകർത്തതായി സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം, ഹോർമൂസ് കടലിടുക്ക് വഴി കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ സുരക്ഷിതമായി കടത്തിവിടാൻ “പ്രോജക്ട് ഫ്രീഡം” എന്ന ദൗത്യവും അമേരിക്ക ആരംഭിച്ചിട്ടുണ്ട്. ഈ നീക്കം മാനുഷിക സഹായമെന്ന നിലയിലാണ് ട്രംപ് വിശദീകരിക്കുന്നത്.
എന്നാൽ, അമേരിക്കൻ സൈനിക ഇടപെടലിനെതിരെ ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
സമാധാനശ്രമങ്ങൾക്കായി ഇറാൻ പുതിയ നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശങ്ങൾ പര്യാപ്തമല്ലെന്നാണ് അമേരിക്കയുടെ നിലപാട്. സംഘർഷം അവസാനിപ്പിക്കാൻ ദൗത്യങ്ങൾ തുടരുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും നിർണായകമായ ഈ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്.
സമീപകാല ആക്രമണങ്ങളും സൈനിക നീക്കങ്ങളും തുടരുന്ന സാഹചര്യത്തിൽ, ഹോർമൂസ് കടലിടുക്ക് വീണ്ടും ആഗോള സംഘർഷത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്.















































