കാഞ്ഞങ്ങാട്∙ അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയ പാടെ മുകളിലെ നിലയിലേക്ക് കയറിപ്പോവുകയായിരുന്നു.
കുറേ നേരമായിട്ടും വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ അയൽവാസികളുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാൽ ലയൺസ് ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സരിതയാണ് ഭാര്യ. മക്കൾ: ശങ്കർ, അഞ്ജന.


















































