കൊൽക്കത്ത: തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ ആൾക്കൂട്ടം കയ്യേറ്റം ചെയ്തതിനെ അപലപിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി. ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ തന്റെ അനന്തരവൻ അഭിഷേക് ബാനർജി മരിക്കുമായിരുന്നു എന്ന് മമത മാധ്യമങ്ങളോടു പറഞ്ഞു. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോണാർപുർ സന്ദർശനത്തിനിടെയാണ് അഭിഷേകിനെ ആൾക്കൂട്ടം ആക്രമിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ടിഎംസി പ്രവർത്തകൻ സഞ്ജു കർമാകറുടെ കുടുംബാംഗങ്ങളെ കാണാനാണ് അദ്ദേഹം സോണാർപുരിലെത്തിയത്.
അഭിഷേകിനെ കണ്ട മാത്രയിൽ സ്ത്രീകൾ അടക്കമുള്ള സംഘം അദ്ദേഹത്തിനുനേരെ കല്ലും ചെരിപ്പും മുട്ടയും എറിഞ്ഞു. അദ്ദേഹത്തിന് നേരെ ‘ചോർ ചോർ’ എന്ന് മുദ്രാവാക്യം വിളിച്ചു എന്നും ആരോപണമുണ്ട്.
കീറിയ ഷർട്ടും ഹെൽമറ്റും ധരിച്ചനിലയിൽ അഭിഷേകിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അഭിഷേകിന് ചികിത്സ നിഷേധിക്കുന്നതായി ആരോപിച്ച മമത, പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ‘സിപിഎം ഏകദേശം 35 വർഷത്തോളം ഭരണത്തിലുണ്ടായിരുന്നു. അപ്പോൾ ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ബിജെപി മനുഷ്യത്വരഹിതരായി മാറിയിരിക്കുന്നു. ഇത് ക്രൂരതയാണ്. ജനാധിപത്യത്തിന്റെ കൊലപാതകമാണ്’–മമത മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിനു പിന്നിൽ ബിജെപി സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് അഭിഷേക് ആരോപിച്ചു. കലാപത്തിലെ ഇരകൾക്കു പൊലീസ് സുരക്ഷ ഉറപ്പാക്കുന്നതുവരെ സോണാർപുരിൽ തങ്ങുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, തൃണമൂൽ സർക്കാരിനുകീഴിൽ പീഡിപ്പിക്കപ്പെട്ട തദ്ദേശവാസികളുടെ രോഷപ്രകടമാണു നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ പറഞ്ഞു.

















































