കൊച്ചി: താരസംഘടന ‘അമ്മ’യിലെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷമായ സമിതി രൂപവത്കരിക്കണമെന്ന് നടി മാലാ പാർവതി. അതുപോലെ നിലവിലെ ഭരണസമിതി പിരിച്ചുവിടണം. ഇപ്പോൾ സംഘടനയിൽ നടക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണ്. അടുത്ത ദിവസങ്ങളിൽ വലിയ ആരോപണങ്ങളുള്ള കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നും മാലാ പാർവതി പറഞ്ഞു.
‘അതുല്യയുടെ കൂടുതൽ ശബ്ദസന്ദേശം പുറത്തുവരും. അതുല്യ പറഞ്ഞ ഭാഷ്യത്തിന് പുറമേ വലിയ ആരോപണങ്ങൾ ഉള്ള മറ്റ് ശബ്ദസന്ദേശങ്ങൾ രണ്ടുദിവസത്തിനകം പുറത്തുവരുമായിരിക്കും. ഇപ്പോൾ ഭരണസമിതിയിലുള്ള എല്ലാവരേയും പിരിച്ചുവിടണമെന്നത് ഞാൻ ആദ്യത്തെ ദിവസം തന്നെ പറഞ്ഞ കാര്യമാണ്. അൻസിബയുടെ പരാതി കേൾക്കാൻ ഒരു സമിതിയുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആ സമിതിയിൽ എന്റെ പേരുൾപ്പെടെ അൻസിബ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അൻസിബയുടെ അറിവില്ലായ്മകൊണ്ട് പറഞ്ഞതാണ്. ഞാൻ അൻസിബയെ ശക്തമായി പിന്തുണച്ച് ഒപ്പം നിൽക്കുന്ന ആളാണ്. അങ്ങനെ ശക്തമായ നിലപാട് എടുത്തവരൊന്നും നിഷ്പക്ഷമായ സമിതിയിൽ വരരുതെന്നും നടി പറഞ്ഞു
രമേഷ് പിഷാരടിയും ധ്യാൻ ശ്രീനിവാസനും ന്യായമേ പറയുകയുള്ളൂ എന്ന വിശ്വാസത്തിലാവാം അവരുടെ പേര് പറഞ്ഞത്. സത്യം പറഞ്ഞാൽ, സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ആ സമിതിയിൽ ഉൾപ്പെടുത്തരുത്. സിനിമാ മേഖല തന്നെ രണ്ടോ മൂന്നോ ഭാഗമായി തിരിഞ്ഞ് പലരോടൊപ്പം നിൽക്കുകയാണ്. നിഷ്പക്ഷമായ സമിതിയാണ് അൻസിബയുടെ പരാതി കേൾക്കേണ്ടത്’, അവർ വ്യക്തമാക്കി.
‘തമ്മിലുള്ള വഴക്കാണ്, പ്രശ്‌നങ്ങൾ അറിയില്ല എന്ന് സിനിമാ മന്ത്രി പറയുന്നതു കേട്ടു. ഇത് സിനിമയെ ബാധിക്കുന്ന വിഷയമാണ്. അതിനുള്ളിൽ നടക്കുന്നത് അങ്ങേയറ്റം ഗുരുതരമായ പ്രശ്‌നങ്ങളാണ്. അതുല്യയുടെ വോയിസ് ക്ലിപ്പോടെ പ്രശ്‌നങ്ങൾ തീരില്ല. അതിനപ്പുറത്തേക്കും പോകാനുണ്ട്. പാതിവെന്ത അറിവുകൾകൊണ്ട് സംസാരിക്കരുത്. അതുല്യയുടേയും അൻസിബയുടേയും നീനാ കുറുപ്പിന്റേയും പരാതിയിൽ പരിഹാരമുണ്ടാവണം’, മാലാ പാർവതി ആവശ്യപ്പെട്ടു.
‘അൻസിബയെ ജിഹാദി എന്ന് വിളിച്ചതിനും വർഗീയവത്കരണം നടത്തിയതിനും കൃത്യമായ തെളിവുണ്ട്. അതുകൊണ്ടാണ് ഞാൻ അൻസിബയോടൊപ്പം നിൽക്കുന്നു എന്ന് ഉറപ്പുപറഞ്ഞത്. രാജീവ് കുടപ്പനക്കുന്നും മകനും ഭീഷണിക്കോ പ്രേരണയ്‌ക്കോ വഴങ്ങി, അൻസിബ പറഞ്ഞിട്ടാണ് നോമ്പെടുത്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ അവളുടെ അവസ്ഥ വളരേ മോശമായിപ്പോയേനെ’- അവർ പറഞ്ഞു.
















































