മുള്ളൻപൂർ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിൻറെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി നടത്തിയ ബാറ്റിംഗ് താണ്ഡവത്തിന്റെ ഞെട്ടലിൽ തന്നെയാണ് ക്രിക്കറ്റ് ലോകമിപ്പോൾ. 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ വൈഭവ് നിരവധി റെക്കോർഡുകളും സ്വന്തം പേരിലാക്കികഴിഞ്ഞു. ഇതിനിടെ വൈഭവിൻറെ ബാറ്റിംഗിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി.
വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ പ്രഹരശേഷി ബൗളർമാരിൽ ഭയമുണ്ടാക്കുന്നതാണെന്നും, അവൻറെ ബാറ്റ് ഒന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എതിർ ബൗളർമാരെല്ലാം ഒപ്പിട്ട് പരാതി നൽകിയാലും അത്ഭുതപ്പെടാനില്ലെന്നും മനോജ് തിവാരി ക്രിക്‌ബസിനോട് പ്രശംസ പോലെ പറഞ്ഞു.
ബുധനാഴ്ച മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡിന് വെറും 3 റൺസ് അകലെയാണ് വൈഭവ് പുറത്തായത്. 5 ഫോറുകളും 12 സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിൻറെ വെടിക്കെട്ട് ഇന്നിംഗ്സ്. ഈ പ്രകടനത്തോടെ ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഈ വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു. 14 വർഷമായി ക്രിസ് ഗെയ്ൽ പൊന്നുപോലെ കൊണ്ടുനടന്ന റെക്കോർഡാണ് 15 കാരൻ പുഷ്പം പോലെ തൂക്കിയത്.
അതുപോലെ വൈഭവ് പന്ത് നന്നായി സ്ട്രൈക്ക് ചെയ്യുന്നുണ്ടെന്നാണ് മുതിർന്ന താരങ്ങളുടെ അഭിപ്രായം. എന്നാൽ ഈ പവർ എവിടെ നിന്നാണ് വരുന്നത് എന്ന് മനസിലാക്കണം. അവൻറെ ബാറ്റ് സ്പീഡ് വളരെ കൂടുതലാണ്. തേർഡ് മാൻ ഭാഗത്ത് നിന്നാണ് അവൻറെ ബാറ്റ് സ്വിംഗ് വരുന്നത്, അതുകൊണ്ട് തന്നെ ഓൺ-സൈഡ് അവൻറെ ശക്തമായ മേഖലയാണ്. അവനെ കുടുക്കാൻ ഇനി ഒരേയൊരു വഴിയേ ഉള്ളൂ, കെയ്ൽ ജാമിസൺ എറിഞ്ഞതുപോലെ ഇൻസ്വിംഗിങ് യോർക്കറുകൾ എറിയുക. ഈ ബാറ്റ് സ്പീഡ് ഉള്ളിടത്തോളം കാലം അവൻ റൺസ് അടിച്ചുകൂട്ടി കൊണ്ടേയിരിക്കും. ബൗളർമാർ ഇനി അവൻറെ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒപ്പിട്ട് പരാതി നൽകേണ്ടി വരുമെന്നും മനോജ് തിവാരി തമാശയായി പറഞ്ഞുവച്ചു.
അതേസമയം ഹൈദരാബാദിനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ഗുജറാത്ത് ഓപ്പണർ സായ് സുദർശനെ വീണ്ടും പിന്നിലാക്കി വൈഭവ് വീണ്ടും റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 15 ഇന്നിംഗ്സുകളിൽ നിന്ന് 45.33 ശരാശരിയിലും 242.85 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലും 680 റൺസാണ് വൈഭവ് നേടിയത്.
ഇതിനിടെ മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മയും വൈഭവിനെ വാനോളം പുകഴ്ത്തി രംഗത്തെത്തി. എം.എസ് ധോണി, രോഹിത് ശർമ്മ, വിരാട് കോലി, ആന്ദ്രെ റസൽ, ക്രിസ് ഗെയ്ൽ തുടങ്ങിയ ഇതിഹാസ താരങ്ങളെല്ലാം ഐപിഎല്ലിൽ വലിയ റെക്കോർഡുകൾ സ്ഥാപിച്ചത് 5-6 സീസണുകൾ കളിച്ച ശേഷമാണെങ്കിൽ, വൈഭവ് ഇത് തൻറെ രണ്ടാം സീസണിൽ തന്നെ അടിച്ചെടുക്കുകയാണെന്ന് മോഹിത് ശർമ്മ പറഞ്ഞു. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ് പരുക്കേറ്റപ്പോഴാണ് വൈഭവ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ തന്നെ സെഞ്ചുറിയും കുറിച്ച് വൈഭവ് തന്റെ വരവറിയിച്ചിരുന്നു.






