തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിൽ നുറുകണക്കിനുപേർക്ക് ദർശനം കിട്ടിയില്ല എന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗുരുവായൂരിൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ കൂടെ ഒരു ഗൺമാൻ അടക്കം നാലുപേർ മാത്രമായിരുന്നു ദർശനത്തിനായി ഉണ്ടായിരുന്നത് അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഇപ്പോൾ പുറത്തുവന്നത് തെറ്റായ വാർത്തയാണ്. ആദ്യമായിട്ടല്ലാല്ലോ ഒരു മുഖ്യമന്ത്രി ഗുരുവായൂർ ദർശനത്തിന് പോകുന്നത്? കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഗുരുവായൂർ ദർശനത്തിന് മുഖ്യമന്ത്രിയുടെ കൂടെ നാലുപേർ മാത്രം ഉണ്ടായത്. അതിൽ ഒരാൾ അവിടുത്തെ അഡ്മിനിസ്ട്രേറ്ററായിരുന്നു. എന്റെ കൂടെ ഒരു ഗൺമാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സാധാരണ ഗുരുവായൂരിൽ ദർശനത്തിനായി പോകുമ്പോൾ അവിടെ ഉണ്ടായിരുന്നവരാണ് മറ്റുള്ളവർ.
അതുപോലെ ഞായറാഴ്ച അവിടെ വിഐപി ദർശനമില്ല. ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് ഞാൻ ദർശനം നടത്തിയത്. അവിടെ ചെല്ലുമ്പോൾ ശീവേലി നടക്കുകയാണ്. അത് കഴിഞ്ഞ് തൊഴുതു. ഉപദൈവങ്ങളെ ദർശിക്കാൻ വേണ്ടി പോയപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ സെക്യൂരിറ്റി ഗാർഡ് വന്ന് മറ്റുള്ളവരെ സ്റ്റോപ്പ് ചെയ്തു. ഞാൻ പറഞ്ഞു, ‘സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല, ഞാൻ തൊഴുന്നത് വേറൊരാൾക്ക് തടസമാവില്ല’ എന്ന് പറഞ്ഞ് ഒരു സൈഡിൽ നിന്ന് തൊഴുകയും ആളുകൾ അതിന്റെ മുമ്പിലൂടെ തൊഴുത് നീങ്ങുകയുമായിരുന്നു.
അവിടെ ഉള്ള ആളുകൾ വന്ന് എന്നോട് പറഞ്ഞു, ‘സർ, എപ്പോഴും ഇങ്ങനെ ആയിരിക്കണം. ഇതാണ് ഭംഗി. ഞങ്ങൾ പോലും അത്ഭുതപ്പെട്ടു. ഞങ്ങളുടെ തൊട്ടടുത്ത് വന്ന് ഒരു അകൽച പോലും ഇല്ലാതെ വന്ന് ചെയ്തു’ എന്ന്. അവിടെ ഒരാൾക്കും തടസം ഉണ്ടായിട്ടില്ല, ടിക്കറ്റ് എടുത്തിട്ടാണ് കേറിയത്. എനിക്കറിയാം ഇതൊക്കെ വിവാദമാകുമെന്ന്. ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് ദയവ് ചെയ്ത് പറയരുത്.















































