കൊച്ചി: അമ്മയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ടാണ് താൻ മുൻപ് പരാതി അറിയിക്കാതിരുന്നതെന്ന് അൻസിബ. ഒരു ചെറിയ കാര്യം പറഞ്ഞ് വളച്ചൊടിച്ച് തനിക്കെതിരെ വ്യാജ പരാതി കൊടുത്തു. മൂന്നു മണിക്കൂർ പൊലീസ് സ്റ്റേഷനിൽ അക്ഷരാർഥത്തിൽ ഉപദ്രവിക്കപ്പെട്ടു. അതിന്റെ ട്രോമ ഇതുവരെ മാറിയിട്ടില്ല. ഒരു കാര്യവുമില്ലാതെ എന്തിനാണങ്ങനെ ചെയ്തതെന്ന് ഇപ്പോഴും രാത്രികളിൽ ആലോചിക്കാറുണ്ടെന്നും അൻസിബ പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. “അമ്മ സംഘടനയിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.ശരിയെന്ന് തോന്നുന്ന അഭിപ്രായത്തിനൊപ്പം ഞാൻ നിൽക്കാറുണ്ട്. ശരിയല്ലാത്തതിനൊപ്പം നിൽക്കാറുമില്ല. എന്റെ എതിർപ്പ് ഞാൻ പ്രകടിപ്പിക്കും. മിനുട്സിൽ അത് എഴുതാറുമുണ്ട്. ടിനി ടോമിനെതിരെ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചോട്ടേ. എന്നേക്കാൾ വർഷങ്ങൾക്ക് മുൻപ് സിനിമയിൽ വന്ന ഒരാളുടെ കാര്യത്തിൽ എനിക്കെന്തിനാണ് ആശങ്ക ?. ആ കമ്മിറ്റിയിലുള്ളവരിൽ പ്രായം കൊണ്ടാണെങ്കിലും ജോലി കൊണ്ടാണെങ്കിലും ഏറ്റവും ജൂനിയറായ ആൾ ഞാനാണ്.
മതപരിവർത്തനത്തിന്റെ കാര്യം എന്നോട് നേരിട്ട് പറഞ്ഞതല്ല. പല അംഗങ്ങളോടും അദ്ദേഹമത് പറഞ്ഞിട്ടുണ്ട്. അത് കേട്ട എല്ലാവരും എനിക്ക് അനുകൂലമായി സാക്ഷി പറയാൻ വരുമോയെന്ന് എനിക്കറിയില്ല. എക്സിക്യൂട്ടീവ് അംഗമായ നീന കുറുപ്പ് ചേച്ചി ഇക്കാര്യം കേട്ടിട്ടുമുണ്ട്, എന്നോടത് പറഞ്ഞിട്ടുമുണ്ടെന്ന് അന്‍സിബ പറഞ്ഞു.
















































