പാലക്കാട്: എറണാകുളം മലയിടം തുരുത്തിലെ ദളിത് കുടുംബങ്ങൾക്കെതിരായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.ബി രാജേഷ്. ഇടതുപക്ഷ ഭരണകാലത്തും കോടതി വിധി ഉണ്ടായിരുന്നുവെങ്കിലും അന്ന് പാരിയത്ത് കാവിൽ പൊലീസ് ഇത്തരത്തിൽ പെരുമാറാൻ ധൈര്യപ്പെട്ടിരുന്നില്ലെന്ന് രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനമേറ്റ് മൂന്നാം ദിവസമാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് അദ്ദേഹം വിമർശിച്ചു.
എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത് ഇസ്ലാമി ? ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാ അത്ത് തലവൻ പ്രതികരിച്ചോ ?പാരിയത്ത് കാവിലെ ‘പുതുയുഗപ്പിറവി’ യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ?എത്ര മുഖപ്രസംഗങ്ങളുണ്ടായി ? എത്ര പ്രൈം ടൈം ചർച്ചകളുണ്ടായി ?പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം ? ഇടതുപക്ഷ സർക്കാരിന്റെ കാലത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നൊന്ന് സങ്കൽപ്പിച്ചു നോക്കൂ; രാജേഷ് കുറിച്ചു.
നിയമത്തിന്റെ സാങ്കേതികത്വത്തിന് അതീതമായി മാനുഷിക പരിഗണനയോടെയാണ് മുൻ എൽഡിഎഫ് സർക്കാർ വിഷയത്തെ കൈകാര്യം ചെയ്തതെന്നും അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു. പത്ത് വർഷത്തെ അധികാരവിരാമത്തിന് ശേഷം അധികാരത്തിലെത്തിയ രാഷ്ട്രീയ ആവേശം പാവപ്പെട്ടവരോട് തീർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികളോടെയാണ് പുതിയ ഭരണത്തിന്റെ തുടക്കം. എൽഡിഎഫ് സർക്കാർ വളരെ ക്ഷമയോടെയും മാനുഷിക സമീപനത്തോടെയുമാണ് ഈ പ്രശ്നം കൈകാര്യം ചെയ്തത്. അതുകൊണ്ടാണ് പൊലീസ് അന്ന് അതിരുവിട്ട നടപടികളിലേക്ക് നീങ്ങാതിരുന്നതെന്നും രാജേഷ് കുറിച്ചു.
മുൻകാലങ്ങളിലുണ്ടായ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷം ദളിത് കുടുംബങ്ങൾക്കൊപ്പം നിന്നിരുന്നുവെന്നും ഇനിയും അവർക്കൊപ്പമുണ്ടാകുമെന്നും എം. ബി രാജേഷ് കൂട്ടിച്ചേർത്തു.


















































