കാസർകോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസം മാതൃഭാഷയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഭാരതീയ ഭാഷാപുസ്തക പദ്ധതിയുടെ കേരളത്തിലെ നോഡൽ സ്ഥാപനമായി കേരള കേന്ദ്ര സർവകലാശാലയെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ സർവകലാശാലകളെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനാണ് സർവകലാശാല നേതൃത്വം നൽകുക.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ ഭാഷാസമിതിയുടെയും വിദ്യാഭ്യാസ വികാസ് കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ആസൂത്രണയോഗം വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, അക്കാദമിക് വിദഗ്ധർ, ഭാഷാപണ്ഡിതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട് എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു, എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡി. മാവൂത്ത്, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ, കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ കാമ്പസ് ഡയറക്ടർ പ്രൊഫ. കെ.കെ. ഷൈൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. കെ. ശിവപ്രസാദ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ പ്രൊഫസർ ഡോ. വി.പി.എൻ. നമ്പൂരി എന്നിവർ സംസാരിച്ചു.


















































