തിരുവനന്തപുരം: യമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.ഈ ദൃശ്യം സഭയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലുമെല്ലാം ശ്രദ്ധേയമായി.
പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്
സി.പി.എം ശക്തികേന്ദ്രമായ തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയാണ് ടി.കെ. ഗോവിന്ദൻ നിയമസഭയിലെത്തിയത്. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ പാർട്ടിക്കുള്ളിൽ തന്നെ അസ്വസ്ഥതകൾ ഉയർന്നിരുന്നു. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യയെ തന്നെ പരിഗണിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് ഇടയാക്കിയത്. അവസാനം തളിപ്പറമ്പിൽ 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.കെ. ഗോവിന്ദൻ വിജയിച്ച് നിയമസഭയിലേക്ക് എത്തിയത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതിപക്ഷ നേതാവായ പിണറായി വിജയന് ഹസ്തദാനം ചെയ്ത ശേഷം സത്യപ്രതിജ്ഞ ചെയ്തതെനന്താണ് രാഷ്ട്രീയ രംഗത്ത് ചർച്ചയായിരിക്കുന്നത്. തിരഞ്ഞെടടുപ്പ് ഫലം വന്നയുടൻ ടി.കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതും ചർച്ചാവിഷയമായിരുന്നു.
യുഡിഎഫ് പിന്തുണയോടെ വിമത സിപിഐ (എം) സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത് . 76,640 വോട്ടുകൾ നേടിയ അദ്ദേഹം തന്റെ ഏറ്റവും അടുത്ത എതിരാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാർത്ഥിയുമായ സിറ്റിംഗ് എംഎൽഎ ടി ഐ മധുസൂദനനെ 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
.


















































