ന്യൂഡൽഹി: വിദേശ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡൽഹിയിലെ സേവാ തീർഥ് ഹാളിലാണ് യോഗം ചേരുക. ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യം, അതിന്റെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലെയും ഇന്ധനവിലകളിലെയും പ്രത്യാഘാതങ്ങൾ തുടങ്ങിയവ യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായേക്കും. നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് എല്ലാ കേന്ദ്രമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും സംസ്ഥാന ചുമതലയുള്ള മന്ത്രിമാരും ഡൽഹിയിൽ തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ സർക്കാർ അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണ്. പ്രത്യേകിച്ച് ക്രൂഡ് ഓയിൽ വിലവർധന, ഇന്ധന വിതരണ ശൃംഖലയിലെ തടസങ്ങൾ, നാണയപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് സർക്കാരിന്റെ പ്രധാന പരിഗണന.
ഇതിനിടെ, മോദി 3.0 സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടനയും വിപുലീകരണവും സംബന്ധിച്ച ആലോചനകളും സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ജൂൺ രണ്ടാം വാരത്തോടെ മന്ത്രിസഭയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സൂചനകളുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനവും സംഘടനാപരമായ കാര്യങ്ങളും യോഗത്തിൽ വിലയിരുത്തപ്പെടാനിടയുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധി നിരീക്ഷിക്കുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവർ ഉൾപ്പെട്ട ഉന്നതതല മന്ത്രിസംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ, എനർജി, എൽപിജി ശേഖരം നിലവിലുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.



















































