തിരുവനന്തപുരം: പറയാത്ത കാര്യങ്ങൾ വാർത്തകളാക്കുന്ന മാധ്യമ പ്രവർത്തനത്തെ ചോദ്യം ചെയ്ത് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച കാറായിരിക്കുമോ പുതിയ മുഖ്യമന്ത്രിയുടേതെന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. അതിനു മറുപടിയായി താൻ പുതിയ കാർ മേടിക്കില്ലയെന്ന് പറഞ്ഞു. എന്നാൽ, പിന്നീട് പലയിടങ്ങളിലും താൻ പറയാത്ത രീതിയിലുള്ള കാര്യങ്ങളാണ് വാർത്തയായി പ്രചരിച്ചത്. വി.ഡി സതീശന് കറുത്ത കാറ് വേണ്ടയെന്ന് പറഞ്ഞെന്നാണ് പലരും റിപ്പോർട്ട് ചെയ്തത്.അങ്ങനെയല്ലല്ലോ താൻ പറഞ്ഞതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
‘അതിനിടയ്ക്ക് കറുത്ത നിറമുള്ള എന്റെ പ്രൈവറ്റ് വാഹനത്തിൽ പോയതിനെക്കുറിച്ച് മറ്റൊരു പ്രചരണം ഉണ്ടായി. വി.ഡി സതീശൻ കറുത്ത യാത്ര ചെയ്യില്ലെന്ന് പറഞ്ഞിട്ട് അതേ കാറിൽ യാത്രചെയ്തല്ലോയെന്നായി പിന്നെ.ഞാൻ കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടോ? അതെന്താ കറുത്ത കാറിന് കുഴപ്പം? മുഖ്യമന്ത്രി ഒരു പുതിയ കാർ മേടിച്ചാൽ അതൊരു തെറ്റായ സന്ദേശമാണെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി ഒരു പുതിയ കാറുമേടിച്ചെന്ന് വച്ച് ഖജനാവിൽ വലിയ കുഴപ്പമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഒരുപക്ഷേ അതിന്റെ പേരിൽ ഒന്നു രണ്ടു ദിവസം ചില വിമർശനങ്ങൾ ഉണ്ടായേക്കാം. പിന്നീട് അത്തരം വിമർശനങ്ങൾ താഴ്ന്നു പോവുകയും ചെയ്യും. എന്നാൽ ,അതിന്റെ ആവശ്യമില്ല.
നിലവിലെ സാമ്പത്തീക സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് യാത്രചെയ്യാൻ പുതിയ കാർ മേടിക്കുന്നത് ഭരണസംവിധാനത്തെക്കുറിച്ച് തെറ്റായ സന്ദേശമായി മാറും. ഏത് വണ്ടിയായാലും, അതെത്ര കിലോമീറ്ററോടിയതായാലും ഞാനത് ഉപയോഗിക്കും. എനിക്കതു മതി. അത് വലിയ ലാളിത്യമുള്ള ആളായതുകൊണ്ടൊന്നും അല്ല. മുകളിലിരിക്കുന്ന ആളുകൾ പൊതുജനത്തിനു കൊടുക്കുന്ന ഒരു സന്ദേശം എന്നനിലയിലാണ്’; വി.ഡി സതീശൻ പറഞ്ഞു.


















































