കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ കനത്ത മഴയ്ക്കിടെ ജില്ലയുടെ മലയോര മേഖലകളിൽ ആറുപേർക്ക് ഇടിമിന്നലേറ്റു. തിരുവമ്പാടി ഭാഗത്തും താമരശ്ശേരി, പുതുപ്പാടി പ്രദേശങ്ങളിലുമാണ് അപകടമുണ്ടായത്. കൂടരഞ്ഞി കൂമ്പാറയിൽ ഒരാൾ മരിച്ചു. മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്. തന്റെ കോഴിഫാമിൽ നില്ക്കവെയാണ് ജെയ്‌സണ് മിന്നലേറ്റത്. പരിക്കേറ്റ മറ്റൊരാളെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. താമരശ്ശേരി പുതുപ്പാടി ഭാഗത്ത് നാല് സ്ത്രീകൾക്കാണ് മിന്നലേറ്റത്. അതിൽ രണ്ടുപേർ മരണവീട്ടിൽ നില്ക്കവെയാണ് മിന്നലേറ്റത്.
സംസ്ഥാനത്ത് ഇടിമിന്നലേറ്റു മരിക്കുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുകയാണ്. അടുത്തയിലെ മലപ്പുറം മങ്കടയില്‍ നാലു വിദ്യാര്‍ത്ഥികള്‍ മിന്നലേറ്റു മരിക്കുകയുണ്ടായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണക്കനുസരിച്ച് 2025-26ല്‍ 71 പേരാണ് മിന്നലേറ്റു മരിച്ചത്. 2024ല്‍ 13 മിന്നലേറ്റുള്ള മരണങ്ങള്‍ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം, അപ്രതീക്ഷിത മഴ, ശക്തമായ മിന്നല്‍ എന്നിവ അപകട സാധ്യത കൂട്ടുമെന്ന് വിദഗ്ധര്‍ പറയുന്നു.
സാധാരണ വേനല്‍ക്കാലം അവസാനത്തോടെയും കാലവര്‍ഷം തുടങ്ങും മുമ്പും മിന്നല്‍ ശക്തമാകാറുണ്ട്. ഇത്തവണ ഏപ്രില്‍, മേയ് മാസങ്ങളില്‍ത്തന്നെ ശക്തമായ മിന്നലോടുകൂടിയ മഴയാണുണ്ടായത്. ഉച്ചയ്‌ക്കു ശേഷവും വൈകുന്നേരവും മിന്നല്‍ ശക്തമാകുന്ന പ്രവണതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഇടിമിന്നല്‍ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ പോലുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

















































