തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് കേരളത്തിലെത്തുന്ന കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്നു ചർച്ച നടത്തുമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി വൈകിട്ട് 4ന് യുഡിഎഫ് യോഗം ചേരും. അതുപോലെ ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും.
രമേശ് ചെന്നിത്തല എന്റെ നേതാവാണ്. ഉറപ്പായും കാണും. ലീഗ് യുഡിഎഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷിയാണ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കാനാണ്. അതിന്റെ ഗുണം വർഗീയശക്തികൾക്കാണ്. അതിനെ ചെറുത്തു തോൽപിക്കാൻ ശക്തമായ നടപടിയെടുക്കും. വിദ്വേഷപ്രചാരണത്തോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടാകില്ല. ബിജെപിയാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.
അതുപോലെ ഇന്ധനവില വർധനവിന്റെ ഭാരം ജനങ്ങളെ കൂടുതൽ ബാധിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുകയാണെന്നും സതീശൻ പറഞ്ഞു. ഇതിനിടെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പിണറായിയുടെ വീട്ടിലെത്തി മുൻ മുഖ്യമന്ത്രിയെ കണ്ടു.
2016ൽ അധികാരമേൽക്കും മുൻപ് പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്നലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു.
അതേസമയം ഗുരുവായൂരിൽനിന്നു തിരിച്ചെത്തിയ രമേശ് ചെന്നിത്തലയുടെ വീട്ടിലും സതീശനെത്തും. ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷം രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് തിരിച്ചെത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ റെയിൽവേ സ്‌റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിച്ചത്.


















































