തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു വെറും മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.സി.വേണുഗോപാൽ എംപി. രാവിലെ രാഹുലിന്റെ വസതിയിൽ വച്ചാണ് ഇരുവരും ചർച്ച നടത്തുന്നത്. നേരത്തെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്തിറങ്ങിയ കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് ഒരക്ഷരം പോലും മിണ്ടിയില്ല. കാറിനുള്ളിൽ ചിരിച്ചു കൊണ്ടാണ് കെ.സി. വേണുഗോപാൽ ഇരുന്നത്.
അതേസമയം ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാവിലെ 10.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്തെത്തും.
മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുൻപ് ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരെന്ന് പറയുമോ എന്ന ആകാംക്ഷ തുടരുകയാണ്.
ഇതിനിടെ ലീഗ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കക്ഷി യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നതിൽ അസൗകര്യം അറിയിച്ചു. ലീഗിന്റെ എംഎൽഎമാർ ഒപ്പിട്ട കത്ത് ഇമെയിൽ വഴി നൽകിയേക്കുമെന്നാണ് സൂചന. മാത്രമല്ല രാവിലെ ലീഗ് യോഗം ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസിപ്പോൾ.
കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുന്നത് വരെ തീരുമാനം രഹസ്യാത്മകമായി സൂക്ഷിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭാ കക്ഷി യോഗം അലങ്കോലമാകരുതെന്ന ജാഗ്രതയാണ് ഇതിനു പിന്നിൽ. പ്രവർത്തകരുടെ പ്രതിഷേധവും നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച പാർട്ടി തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളെയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഉയർന്ന ചർച്ചകൾക്കൊടുവിൽ ആരുടെ പേരാവും ഹൈക്കമാൻഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. ഇതിനിടെ വിഡി സതീശനും കുടുംബവും രാവിലെയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു.

















































