ആലപ്പുഴ: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രി പരിസരത്ത് ബാനറും കൊടിയും സ്ഥാപിച്ച് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും, എന്നാൽ കമ്മ്യൂണിറ്റി കിച്ചൺ മാതൃകയിൽ ഭക്ഷണം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ജി. സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
അതേസമയം, ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിന് പകരമായുള്ള സർക്കാർ സംവിധാനമെന്ന രാഷ്ട്രീയ വ്യാഖ്യാനവും പ്രഖ്യാപനത്തിന് ലഭിക്കുന്നുണ്ട്. പൊതിച്ചോറ് വിതരണത്തെ വിമർശിച്ച ജി. സുധാകരൻ പിന്നീട് തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു.

















































