തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായി. മുൻ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ച ഫലം പുറത്തുവിടാനായിരുന്നു തീരുമാനം. എന്നാൽ നിലവിൽ മന്ത്രിസഭ രൂപീകരണം പൂർത്തിയായിട്ടില്ലാത്തതിനാൽ ഫലം ആരാണ് പ്രഖ്യാപിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.
മൂല്യനിർണയവും അനുബന്ധ നടപടികളും പൂർത്തിയായതോടെ പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. ഫലത്തിന് അന്തിമരൂപം നൽകുന്ന നടപടികൾ പൂർത്തിയാക്കിയാലും, മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച തന്നെ പ്രഖ്യാപനം നടത്തണമോയെന്നതിൽ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പരീക്ഷാഭവൻ എല്ലാ സാങ്കേതിക ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അറിയുന്നു.
പരീക്ഷാബോർഡിന്റെ യോഗത്തിനു ശേഷം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു ദിവസം കൂടി വേണ്ടിവരും. അതിനാലാണ് ബുധനാഴ്ച യോഗം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ രൂപീകരണം വൈകുന്നതിനാൽ പ്രഖ്യാപനച്ചുമതല ആരെടുക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമാകുന്നത്.
2021ലെ തിരഞ്ഞെടുപ്പുകാലത്തും സമാന സാഹചര്യം ഉണ്ടായപ്പോൾ ഫലപ്രഖ്യാപനം നടത്തിയത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ. ഷാജഹാൻ ആയിരുന്നു. ഇത്തവണയും അതേ മാതൃക പിന്തുടരാനിടയുണ്ടോ എന്നതിൽ ഉദ്യോഗസ്ഥർ വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല.
ഇതിനിടെ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ലോക്ഭവനിലേക്ക് സ്ഥലംമാറി. നിലവിൽ ഷർമിള മേരി ജോസഫ് സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്. കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്യും നടപടികളിൽ പങ്കാളിയാണ്. ഇവർ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും ഫലപ്രഖ്യാപന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.
അതേസമയം, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) ഉൾപ്പെടെയുള്ള കേന്ദ്രബോർഡുകൾ ഫലപ്രഖ്യാപനം പൂർത്തിയാക്കിയ സാഹചര്യത്തിൽ, എസ്.എസ്.എൽ.സി. ഫലവും നിശ്ചയിച്ച സമയത്ത് തന്നെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകി.
മദ്യത്തിന് വില കുറഞ്ഞു; വിലക്കുറവ് 50-ൽപ്പരം ബ്രാൻഡുകൾക്ക്; ചൊവ്വാഴ്ച മുതൽ നിലവിൽ വരും

















































