ഹൈദരാബാദ്: തെലങ്കാനയിൽ പ്രണയബന്ധത്തോടുള്ള എതിർപ്പിനെത്തുടർന്ന് 22-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തി. ഇന്ദിരാനഗർ കോളനി സ്വദേശിയായ ബൊമ്മന യുവൻ (അഖിൽ) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കെയാണ് പത്തോളം പേർ അടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്.
ബൈക്കുകളിലെത്തിയ സംഘം യുവനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് തുരുതുരാ കുത്തുകയുമായിരുന്നു. തലയ്‌ക്കും കഴുത്തിനും കൈകൾക്കും ഉൾപ്പെടെ ശരീരത്തിൽ 15-ഓളം മുറിവുകളേറ്റ യുവൻ സംഭവസ്ഥലത്തുതന്നെ തളർന്നുവീണു.
സുഹൃത്തുക്കൾ ഉടൻ തന്നെ ഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് വർഷമായി യുവൻ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ സഹോദരൻ പരമേഷ്, ബന്ധുവായ സായ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രണയബന്ധവുമായി ബന്ധപ്പെട്ട വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രതികളെ കൃത്യമായി ലക്ഷ്യമിട്ടാണ് അക്രമിസംഘം എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.


















































