കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനുമെതിരെ സമൂഹമാധ്യമങ്ങളിൽ പൊങ്കാല. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇരുവരും ഫേസ്ബുക്കിൽ പങ്കുവച്ച വിശദീകരണ പോസ്റ്റിനു താഴ് രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. കണ്ണൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും എം.വി. ഗോവിന്ദനുമാണെന്നും ആദ‍്യം നിങ്ങൾ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നുമാണ് കമൻറുകളിൽ പറയുന്നു.
പാർട്ടി സെക്രട്ടറി സ്ഥാനം സ്വരാജിനു കൊടുക്കണമെന്ന് പലരും കമെന്റിൽ പറയുന്നു. പാർട്ടി സെക്രട്ടറി ഇത്രയും പരാജയപ്പെട്ട അവസ്ഥ സിപിഎം ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടല്ല, പാർട്ടിയെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ട് പറയുന്നതാണ്, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൽ സ്ഥാനത്തു നിന്ന് ഒന്ന് മാറാൻ പറ്റുമോ… എന്നാണ് ചിലർ ചോദിക്കുന്നത്. അതുപോലെ ഭാര്യയെ സ്ഥാനാർഥിയാക്കിയതിരെതിരെ നിശീതമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
അതേപോലെ കെകെ രാഗേഷിന്റെ പോസ്റ്റിനു താഴെ പി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് ചിലർ കമൻറ് ചെയ്തിരിക്കുന്നത്. പി. ജയരാജൻ ആയിരുന്നു ജില്ലാ സെക്രട്ടറി എങ്കിൽ കണ്ണൂരിൽ പാർട്ടിക്ക് ഇത്രയും ക്ഷീണം വരില്ലായിരുന്നുവെന്നും കണ്ണൂരിൽ ചെറിയ തിരുത്തലല്ല വലിയ ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്നും കമൻറുകൾ കാണാം.
‘ഇനിയെങ്കിലും പാർട്ടി അണികൾ എന്നത് വെറും കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും മാത്രം ഉള്ളവർ ആണെന്ന ധാരണ മാറ്റി വെച്ച്,താഴെ തട്ടിലുള്ളവരുടെ അഭിപ്രായവും വാക്കും കേട്ട് തീരുമാനങ്ങൾ എടുക്കുക,സെക്രട്ടറിയട്ടിലെ രണ്ടോ മൂന്നോ പേരല്ല പാർട്ടി എന്നത് തിരിച്ചറിയുക.’
‘നിന്നെ പോലെ ഒരു മൊണ്ണ കണ്ണൂർ പാർട്ടി സെക്രട്ടറി ആയി ഇരിക്കാൻ എന്ത് യോഗ്യത? കണ്ണൂർ പാർട്ടി കെട്ടിപ്പടുത്തത് ധീരരായ രക്തസാക്ഷികളാണ് അത് നയിക്കൻ പി ജെ വരണം, പാർട്ടി ഏറെ വെല്ലുവിളികൾ നേരിടുന്ന കണ്ണൂർ പോലെ ഉള്ള ജില്ലയിൽ സംഘടന പരിചയം കുറവായ വളരെ ജൂനിയർ ആയ ഒരാളെ ജില്ലാ സെക്രട്ടറിയുടെ കസേരയിൽ പിണറായിയുടെ വാലായി നടന്ന ഒരു യോഗ്യത വച്ചു കൊണ്ടുവന്നിരുത്തിയതിന്റ ഫലമാണ് കണ്ണൂരിൽ ഇതുവരെ ഉണ്ടാകാത്ത തിരിച്ചടി നേരിടാൻ കാരണം… എന്നിങ്ങനെ നീളുന്നു കമൻറുകൾ.


















































