പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പെൺകുട്ടിയുടെതന്നെ വെളിപ്പെടുത്തൽ. സഹപാഠികൾ തന്നെ പീഡിപ്പിട്ടില്ലെന്ന് പെൺകുട്ടി മൊഴി നൽകി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാൽ സഹപാഠി പ്രണയം നിരസിച്ചതായും പെൺകുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികൾക്കെതിരെ പീഡന പരാതി നൽകിയതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
അതേസമയം പെൺകുട്ടിയുടെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികൾ പീഡിപ്പിച്ചതായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പോലീസ് പെൺകുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാൽ പീഡന ആരോപണം സഹപാഠികൾ നിരസിച്ചിരുന്നു.
ഇതിനിടെ ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഈ സമയത്ത് ഡോക്ടറോടാണ് താൻ പീഡനത്തിനിരയായില്ലെന്ന് പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. സഹപാഠിയോട് തനിക്കു തോന്നിയ പ്രണയത്തിന്റെ കാര്യവും പെൺകുട്ടി തുറന്നുപറഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടില്ലെന്നും കണ്ടെത്തി.
പിന്നാലെ പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഡോക്ടർമാരോട് പറഞ്ഞകാര്യം പെൺകുട്ടി മജിസ്‌ട്രേറ്റിനോടും ആവർത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോൾ സഹപാഠികൾക്കെതിരെ പീഡന പരാതി നൽകുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ റഫർ റിപ്പോർട്ട് നൽകും. അതേസമയം ചൈൽഡ് ലൈൻ നൽകിയ പരാതി പോലീസ് ഗൗരവത്തിലെടുത്തായിരുന്നു അന്വേഷിച്ചത്. സ്‌കൂളിലെ ശുചിമുറിയിലും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്‌ഐആറുകളായിരുന്നു പലീസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. പെൺകുട്ടിയുടെ സഹപാഠിയായ പെൺകുട്ടി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസുമെടുത്തിയിരുന്നു.


















































