കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ നാലടിയോളം നീളവും 200 കിലോയോളം ഭാരവുമുള്ള ഭീമൻ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപമാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ ചീഫ് വെറ്ററിനറി സർജൻ ഡോ. കെ.എം. സജിത് ലാലിന്റെ നേതൃത്വത്തിൽ ഡോൾഫിന്റെ പോസ്റ്റ്മോർട്ടം നടത്തി. പരിശോധനയിൽ ഏകദേശം രണ്ട് കിലോയോളം ഭാരമുള്ള പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങൾ ഡോൾഫിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തി.
ശ്വാസകോശത്തിൽ വലയുടെ ഭാഗങ്ങൾ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർമാരായ ശശി, അബ്ദുൾ അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്.

















































