കൊൽക്കത്ത: ഈ തെരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്നും അതിനാൽ രാജിവയ്ക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ ജയം ബിജെപി ജനവിധി കവർന്നെടുക്കുകയായിരുന്നെന്നും മമത കുറ്റപ്പെടുത്തി. ‘‘ഞാൻ തോറ്റിട്ടില്ല. രാജ്ഭവനിലേക്ക് പോകില്ല. രാജി സമർപ്പിക്കില്ല. പോളിങ് സ്റ്റേഷനിൽ വച്ച് ഞാൻ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയിൽ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു’’ – മമത ആരോപിച്ചു.
മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തികെട്ട കളി കളിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിൽ തന്റെ യഥാർഥ എതിരാളി ബിജെപിയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മമത ആരോപിച്ചു. അതേസമയം ബംഗാൾ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണു തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വാർത്താസമ്മേളനത്തിൽ മമത വിമർശനം ഉന്നയിച്ചത്.
ബംഗാളിലെ തെരഞ്ഞെടുപ്പിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. ഒന്നര പതിറ്റാണ്ടായുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാൾ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 294 സീറ്റിൽ 207 എണ്ണം ബിജെപി നേടിയപ്പോൾ തൃണമൂൽ 80 സീറ്റുകളിൽ ഒതുങ്ങി. സ്വന്തം മണ്ഡലമായ ഭവാനിപുരിൽ 15114 വോട്ടിന് ബിജെപിയിലെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മമത പത്രസമ്മേളനം വിളിച്ചത്.


















































