തിരുവനന്തപുരം: 10 വർഷം ഭരണപക്ഷത്തിരുന്ന് ഇനി പ്രതിപക്ഷത്തേക്കു പോകുമ്പോൾ എൽഡിഎഫിനെ സഭയിൽ ആരു നയിക്കുമെന്ന ചർച്ചകൾ മുറുകുന്നു. നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോൾ വമ്പൻ പരാജയം നേരിട്ട എൽഡിഎഫിനെ പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയിൽ ആരു നയിക്കും എന്നതു സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞുകഴിഞ്ഞു.
സിപിഎമ്മിനു നേരിടേണ്ടിവന്ന തോൽവിയുടെ പ്രധാന ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനിലേക്കു നീളുമ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തപ്പെടുന്നത്. എന്നാൽ തന്നെ, ആദ്യ വർഷങ്ങളിൽ പിണറായി തന്നെ തുടർന്നേക്കുമെന്നും സൂചനയും പുറത്തുവരുന്നുണ്ട്.
പിണറായി അല്ലെങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് എത്താൻ ഏറ്റവും കൂടുതൽ സാധ്യത കേന്ദ്ര കമ്മിറ്റി അംഗമായി കെ.എൻ. ബാലഗോപാലിന് ആയിരിക്കും. മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാൽ. കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങി പ്രമുഖ നേതാക്കൾ എല്ലാം യുഡിഎഫ് തരംഗത്തിൽ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചർച്ചകൾ നീളുന്നത്. ബാലഗോപാൽ അസൗകര്യം പ്രകടിപ്പിച്ചാൽ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ.മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതിൽ സജി ചെറിയാനാണ് പാർട്ടിയിൽ സീനിയർ. അതേസമയം പ്രതിപക്ഷ നേതാവിന്റെ കസേര മരുമകൻ മുഹമ്മദ് റിയാസിനു കൊടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
















































