തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ കഴക്കൂട്ടത്തെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ കോൺഗ്രസ് പ്രവർത്തകൻ പകുതി മീശ വടിച്ചു. കോൺഗ്രസ് പ്രവർത്തകനായ നൗഷാദ് ആണ് പകുതി മീശ വടിച്ചാണ് പന്തയത്തിൽ വാക്ക് പാലിച്ചത്. ഇലക്ഷൻ കഴിഞ്ഞ ശേഷം കഴക്കൂട്ടത്തെ ചായക്കടയുടെ മുന്നിൽ വച്ചാണ് നൗഷാദ് സുഹൃത്തുക്കളോടു പന്തയം വച്ചത്. പന്തയത്തിൽ തോറ്റതോടെ ബ്യൂട്ടിപാർലറിൽ എത്തി നൗഷാദ് പകുതി മീശ വടിച്ചു.
ഇനി പിവി അൻവറിന്റെ ഊഴമാണ്, ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ തല വടിച്ച് കാതിൽ കടുക്കനിട്ട് മാനാഞ്ചിറ വഴി റെയിൽവേ സ്റ്റേഷൻ റോഡുവരെ നടക്കുമെന്നായിരുന്നു അൻവർ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ വെല്ലുവിളിച്ചത്. ബേപ്പൂരിൽ കടുത്ത മത്സരം നടന്നുവെങ്കിലും മുഹമ്മദ് റിയാസ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു
അതേസമയം കഴക്കൂട്ടത്ത് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരനാണ് വിജയിച്ചത്. 428 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുരളീധരൻ ഇവിടെ വിജയിച്ചത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. എൽഡിഎഫും എൻഡിഎയും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് പ്രചാരണവേളയിൽ കാണാൻ കഴിഞ്ഞത്. എൽഡിഎഫ് സ്ഥാനാർത്ഥി കടകം പള്ളി സുരേന്ദ്രൻ 46,136 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. ടി. ശരത് ചന്ദ്ര പ്രസാദിന് 37,183 വോട്ടും ലഭിച്ചു.
















































