കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചെന്ന് പരാതി. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദന ശ്രമം. പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി. സംഭവത്തിൽ സ്ഥാപനത്തിലെ വാർഡനെയും കുക്കിനെയും പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
500 രൂപ കാണാനില്ലെന്ന് ആരോപിച്ച് വാർഡനും കുക്കും ചേർന്നാണ് കൊടും ക്രൂരത നടത്തിയത്. കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടർന്നു കുടുംബം കാര്യമന്വേഷിച്ചപ്പോഴാണ് താൻ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വാർഡനും കുക്കും മർദ്ദിക്കാൻ ശ്രമിച്ചെന്ന് കുട്ടി പറയുന്നത്. താൻ മോഷ്ടിച്ചില്ലെന്ന് കുട്ടി പറഞ്ഞെങ്കിലും വാർഡനും കുക്കും ക്രൂരത കാട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.



















































