ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കേസിൽ അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗീകാരം നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജൂലായ് 20-ന് ആരംഭിക്കാൻ സാധ്യതയുള്ള പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ജെപിസി റിപ്പോർട്ട് സമർപ്പിക്കാൻ നീക്കം. ജൂലായ് 17-ന് ബില്ലിന് സമിതിയുടെ അംഗീകാരം ലഭിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ, 2025 പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർ അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ പ്രതിയായി അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ മന്ത്രിസ്ഥാനത്ത് തുടരാനാവില്ല. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ ഗവർണർക്കോ നടപടിയെടുക്കാനാകും. അത്തരം നടപടി ഉണ്ടായില്ലെങ്കിലും 31-ാം ദിവസം മുതൽ മന്ത്രിസ്ഥാനം നഷ്ടമാകുന്ന തരത്തിലാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ കാര്യത്തിൽ രാഷ്ട്രപതിയോ ബന്ധപ്പെട്ട ഗവർണറോ തീരുമാനമെടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കഴിഞ്ഞ വർഷം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്ന് ബിജെപി എംപി അപരാജിത സാരംഗിയുടെ അധ്യക്ഷതയിൽ 31 അംഗ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ച് ബിൽ വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. ശിക്ഷ വിധിക്കപ്പെടുന്നതിന് മുമ്പ്, കസ്റ്റഡിയുടെ അടിസ്ഥാനത്തിൽ മാത്രം ജനപ്രതിനിധികളെ സ്ഥാനത്തുനിന്ന് നീക്കുന്നത് ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗുരുതരമായ കേസുകളിൽ പ്രതികളാകുന്ന പൊതുപ്രതിനിധികൾ അധികാരത്തിൽ തുടരുന്നത് ഒഴിവാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. കസ്റ്റഡിയിലായ വ്യക്തിക്ക് 30 ദിവസത്തിനിടെ ഒന്നിലധികം തവണ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള അവസരമുണ്ടെന്നും അതിനാൽ നീതിന്യായ നടപടികളെ ബിൽ ലംഘിക്കുന്നില്ലെന്നും അവർ വാദിക്കുന്നു.
പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയായിരിക്കും ജെപിസി റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് സൂചന. സമിതിയിൽ എൻഡിഎ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ ബില്ലിന് അംഗീകാരം ലഭിക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.















































