കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വിജയം നേടിയാൽ രാജി വെയ്ക്കാൻ ധൈര്യമുണ്ടോയെന്ന് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ.
“നരേന്ദ്ര, ബംഗാളിലെ 294 സീറ്റുകളിലും താങ്കളാണ് സ്ഥാനാർഥിയെന്ന് താങ്കൾ പ്രഖ്യാപിച്ചു. പൊങ്ങച്ചം പറയുന്നത് അവിടെ നിർത്തൂ. എന്നിട്ട് ഈ വെല്ലുവിളി സ്വീകരിക്കൂ. മേയ് 4-ന്, മമത ബാനർജിയും ടിഎംസിയും ബംഗാളിൽ വിജയിക്കുമ്പോൾ, പ്രധാനമന്ത്രിപദം രാജിവെയ്ക്കുക, ചങ്കൂറ്റമുണ്ടോ?” സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഡെറക് ഒബ്രിയാന്റെ വെല്ലുവിളി.
അതേസമയം രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് 142 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും തൃണമൂൽ ശക്തികേന്ദ്രങ്ങളാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 32.1 ദശലക്ഷം വോട്ടർമാരാണ വോട്ട് രേഖപ്പെടുത്താനായി പോളിങ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ അങ്കത്തിനിറങ്ങുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷമായ ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ വ്യാപകമായി പ്രചാരണം നടത്തി. പ്രധാനമന്ത്രി മോദി മാർച്ച് 15 മുതൽ 19 റാലികൾ നടത്തി ബംഗാളിൽ പ്രചരണത്തിനുണ്ടായിരുന്നു.

















































