ഭോപ്പാല്‍: മധ്യപ്രദേശിൽ പരുക്കേറ്റയാളുടെ ഭാര്യയെക്കൊണ്ട് ആംബുലൻസ് വൃത്തിയാക്കിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കട്നി ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തിൽ പരുക്കേറ്റ കരേല സ്വദേശി രാഹുൽ ബർമനെ 108 ആംബുലൻസിലാണ് കട്നി ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിൽ പുരണ്ട രാഹുലിന്റെ രക്തം തുടച്ചുനീക്കാൻ അദ്ദേഹത്തിന്റെ ഭാര്യയായ പ്രമീള ബർമനോട് എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ മോഹിത് ഖാട്ടിക്, ആംബുലൻസ് ഡ്രൈവർ ദേവ സാഹു എന്നിവർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പ്രമീള വാഹനം കഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇരുവരുടെയും പ്രവൃത്തി അംഗീകരിക്കാനാകാത്തതാണെന്ന് കട്നി ചീഫ് ഹെൽത്ത് ഓഫിസർ രാജ് സിങ് ഠാക്കൂർ പറഞ്ഞു. വിഡിയോ പ്രചരിച്ചതോടെ ജില്ലാ കലക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അന്വേഷണത്തെ തുടർന്ന് ആംബുലൻസ് സർവീസ് കമ്പനിയായ ജെയ്സ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡ്രൈവറെയും മെഡിക്കൽ ടെക്നീഷ്യനെയും പുറത്താക്കി.

















































