തിരുവനന്തപുരം: വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേശാഭിമാനി പത്രത്തിന് തെറ്റിദ്ധാരണ ഉണ്ടായെന്നും അത് തിരുത്തുമെന്നും സിപിഎം നേതാവ് തോമസ് ഐസക്. 13000 കോടി രൂപ നിക്ഷേപമായി കേരളത്തിലെ പശ്ചാത്തല വികസനത്തിന് ലഭിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതാണ്. അതുകൊണ്ട് സംഭവിച്ച തെറ്റാണെന്നും അത് തിരുത്തിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ യഥാർഥത്തിൽ ഇത് കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ലെന്നും നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലേക്ക് പുതുതായി നിക്ഷേപമൊന്നും വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി തോമസ് ഐസക് പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപം എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന രീതിയിലാണ് ദേശാഭിമാനി വാർത്ത നൽകിയത്. രാജ്യത്ത് തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നത് എന്ന രീതിയിൽ ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി വാങ്ങുന്നതോടെ 13,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.















































