തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യം സഹായകമാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ കൂടുതൽ വീര്യമുള്ള മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“2021-ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ഇത് ഫിനാൻസ് ബില്ലിൽ ഒളിച്ചുകടത്തിയതല്ല, ബജറ്റിൽ തന്നെ പ്രഖ്യാപിച്ച കാര്യമാണ്. ബജറ്റ് നിർദേശങ്ങൾ ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ?” എന്നും അദ്ദേഹം വിമർശിച്ചു.
വീര്യം കുറഞ്ഞ മദ്യത്തെ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്താൻ ചട്ടഭേദഗതി വരുത്തിയത് മുൻ സർക്കാരാണെന്നും, ഓരോ വിഭാഗത്തിനും ബാധകമായ നികുതിയാണ് ഇപ്പോഴത്തെ സർക്കാർ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലാണ് വീര്യം കുറഞ്ഞ മദ്യത്തിന് രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“കേരളത്തിൽ മദ്യം വിൽക്കാനുള്ള കുത്തക ബെവ്കോയ്ക്കാണ്. യു.ഡി.എഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടെന്ന് തീരുമാനിച്ചാൽ ബെവ്കോ അത് വാങ്ങില്ല. ബെവ്കോ വാങ്ങിയാലല്ലേ വിൽക്കാൻ കഴിയൂ. മദ്യനയത്തിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെങ്കിൽ അത് വേണ്ട. യു.ഡി.എഫ് മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യട്ടെ,” എന്നും അദ്ദേഹം പറഞ്ഞു.
വളരെ ചെറിയ വിഷയം വലുതാക്കി ബജറ്റിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ അതിന് സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്. നികുതിയിളവ് ഉടൻ നടപ്പാക്കാനല്ല തീരുമാനം. ഫിനാൻസ് ബിൽ പാസായതുകൊണ്ട് മാത്രം വിൽപ്പന തുടങ്ങുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എക്സൈസ് വകുപ്പും ബെവ്റേജസ് കോർപ്പറേഷനുമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. “സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായത് കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര കാരണം അല്ല. ആ മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും. നികുതിയിളവ് നൽകിയത് സ്വകാര്യ ബസ് മേഖല തകരാതിരിക്കാനാണ്. ഇനിയും ആവശ്യമായ പിന്തുണ തുടരും,” എന്നും വി.ഡി. സതീശൻ പറഞ്ഞു.

















































