മൂവാറ്റുപുഴ: കഞ്ചാവ് പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തെ വെട്ടിച്ചോടിയ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി ആൾമറയില്ലാത്ത കിണറ്റിൽ വീണു. ഫയർഫോഴ്സെത്തി വലയിട്ട് കിണറ്റിൽനിന്ന് പിടികൂടിയ പ്രതിയെ എക്സൈസിന് കൈമാറിയ ശേഷം ആശുപത്രിയിലെത്തിച്ചു. മൂവാറ്റുപുഴ പായിപ്ര കവല മിച്ചഭൂമി റോഡിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
1.25 കിലോ കഞ്ചാവുമായി പിടികൂടിയ ബിഹാർ ബിൽത്തി ജില്ലാ സ്വദേശി ബിധാൻദാസ് (27) ആണ് എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഓട്ടത്തിനിടെ ഇയാൾ കാടുമൂടിയ വെള്ളമില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഇതോടെ എക്സൈസ് സംഘം കുളം വളഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു.
പിന്നാലെ സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീശന്റെ നേതൃത്വത്തിലെത്തിയ മൂവാറ്റുപുഴ ഫയർഫോഴ്സ് പ്രതിയെ വലയിറക്കി പിടിച്ച് കരയിൽ കയറ്റി. കാലിനും ശരീരത്തിൽ ചില ഭാഗങ്ങളിലും പരുക്കേറ്റ ഇയാളെ എക്സൈസ് സംഘം ഫയർഫോഴ്സിന്റെ തന്നെ വണ്ടിയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചു.
അതേസമയം രാവിലെ ഏഴരയോടെ പേഴയ്ക്കാപ്പള്ളിയിൽ നിന്ന് രണ്ടുപേരെ 1.25 ഗ്രാം ഹെറോയിനുമായി എക്സൈസ് സംഘം പിടിച്ചിരുന്നു. അറസ്റ്റിലായ അസം സ്വദേശികളായ ഹിജാജുൽ ഹഖ് (25), കജ്ളാദിൽ (30) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബിധാൻദാസിനെക്കുറിച്ച് വിവരം ലഭിച്ചത്. പേഴക്കാപ്പിള്ളിയിലെ സഹോദരന്റെ വീട്ടിൽ കഴിഞ്ഞിരുന്ന ബിധാൻദാസ് മുൻപ് കഞ്ചാവ് കേസിൽപ്പെട്ട് മുംബൈയിൽ ജയിലിൽ കഴിഞ്ഞിരുന്നു. ഇവിടെ നിന്നിറങ്ങിയ ശേഷം കഞ്ചാവുമായി കേരളത്തിലെത്തിയതാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
















































