ഡൽഹി: ആം ആദ്മിയിലെ സെലിബ്രിറ്റി താരം രാഘവ് ഛദ്ദയുൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് ചേക്കേറിയത് ചര്‍ച്ചയായിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം സന്ദീപ് പഥക്, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ് തുടങ്ങിയ പ്രമുഖരും ബിജെപിയിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാഘവിനെതിരെ സോഷ്യൽമീഡിയയിൽ വലിയ പ്രതിഷേധമാണുയരുന്നത്.
ആപ്പിന്‍റെ മുഖമായിരുന്ന രാഘവ് ചദ്ദയുടെ ഈ മാറ്റം അദ്ദേഹത്തിന്‍റെ അനുയായികളെയും ആരാധകരെയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എംപിമാരുടെ നീക്കം അപ്രതീക്ഷിതമായിരുന്നു. ‘വിഭീഷണൻ’ എന്ന് വിളിച്ചാണ് വിമര്‍ശകര്‍ ഛദ്ദയെ പരിഹസിച്ചത്. പാർട്ടിക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ പാര പണിഞ്ഞു എന്ന അർത്ഥത്തിലാണ് പലരും ഈ ഉപമ ഉപയോഗിക്കുന്നത്. അഴിമതിക്കെതിരെ പോരാടാൻ ഉയര്‍ന്നുവന്ന പാർട്ടിയിൽ നിന്ന്, കടുത്ത രാഷ്ട്രീയ എതിരാളികളായ ബിജെപിയിലേക്ക് മാറിയത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ബിജെപിയിലേക്ക് ഔദ്യോഗികമായി മാറിയാൽ ഛദ്ദയെ അൺഫോളോ ചെയ്യുമെന്നായിരുന്നു ചിലരുടെ ഭീഷണി. “ആം ആദ്മി പാർട്ടി നിങ്ങളെ പാർലമെന്‍റിൽ സംസാരിക്കാൻ അനുവദിച്ചില്ല എന്നത് വെറും ഒരു പിആർ സ്റ്റണ്ട് മാത്രമായിരുന്നു. വാസ്തവത്തിൽ, നിങ്ങൾ ബിജെപിയിൽ ചേരാൻ കാത്തിരിക്കുകയായിരുന്നു.
നിങ്ങളുടെ പിആർ കാമ്പെയ്‌നുകളിലൂടെ നിങ്ങൾ ഒരു യഥാർഥ നേതാവാണെന്ന് വിശ്വസിച്ച ഞങ്ങൾ വഞ്ചിക്കപ്പെട്ടു, പക്ഷേ ഇപ്പോൾ നിങ്ങൾ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ മാറിയിരിക്കുന്നു, രാജ്യത്തിന്റെ പുരോഗതിയെക്കാൾ പണത്തിന് പ്രാധാന്യം നൽകുന്നു.” നെറ്റിസൺസ് കുറിക്കുന്നു. “രാഘവ് ഛദ്ദ, താങ്കൾ വ്യത്യസ്തനാണെന്ന് ഞാൻ കരുതി. വിദ്യാസമ്പന്നനും സാധാരണക്കാർക്ക് പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളുമാണ്. പക്ഷേ ഇപ്പോൾ താങ്കളെ ബിജെപിയിൽ കാണുമ്പോൾ എനിക്ക് ഖേദമുണ്ട്. ഇതൊരു നിരാശയാണ്. താങ്കളെ ഇനി വിശ്വസിക്കാൻ കഴിയില്ല.” മറ്റൊരാൾ നിരാശ പ്രകടിപ്പിച്ചു.
















































