തൃശൂർ: വാണിയംപാറയിൽ രണ്ടര വയസുകാരനും പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പു കടിയേറ്റത്. കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കടിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോയുടെ മരണത്തിന് ഇടയാക്കിയതും ശംഖുവരയൻ പാമ്പാണ്. ആൽജോയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും പതയും വരികയും അപ്പോൾ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ അപ്പോഴേക്കും അൽജോ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോൾ കുട്ടികൾ കിടന്നുറങ്ങിയ മുറിയിൽ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.
അതേസമയം ആൽജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്തും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ വീട്ടിൽ കണ്ടിരുന്നു. നാട്ടുകാർ ഇതിനെ തല്ലിക്കൊല്ലുകയായിരുന്നു. വനത്തോട് ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. പിന്നീട് വീടിനു ചുറ്റുമുള്ള പ്രദേശങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിടുകയായിരുന്നു.






