ന്യൂഡല്‍ഹി: വനിതാ സംവരണത്തിന്റെ മറപിടിച്ച് അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നിവയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാസംവരണബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വടക്ക് മുതൽ തെക്ക് വരെയും ഒരു സംസ്ഥാനത്തിനും ഒരു അനീതിയും സംഭവിക്കില്ല. ഞാൻ ഗ്യാരണ്ടിയാണ്. വലിയ സംസ്ഥാനം, ചെറിയ സംസ്ഥാനങ്ങള്‍ എന്ന ഭേദമില്ല, ഒരു സംസ്ഥാനത്തോടും ന്യായമല്ലാത്ത ഒരു കാര്യവും ചെയ്യില്ല. ഈ സുപ്രധാന അവസരം എംപിമാർ പാഴാക്കരുത് -ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കവേ മോദി പറഞ്ഞു.
‘ഇത് ചരിത്രനിമിഷമാണ്. ഭരണം മെച്ചപ്പെടുത്താനുള്ള സത്യസന്ധമായി ശ്രമമാണിത്. ബില്ലിനെ രാഷ്ട്രീയവൽക്കരിക്കരുത്. 2024ൽ പ്രതിപക്ഷം വനിത സംവരണ ബില്ലിന് പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോൾ പരസ്യമായി എതിർക്കുന്നു. രാജ്യത്തെ സ്ത്രീകൾ പ്രതിപക്ഷത്തോട് പൊറുക്കില്ല. അധികാരത്തിൽ തങ്ങളുടെ പങ്ക് വനിതകൾ ആവശ്യപ്പെടുന്നു. 30 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വനിതാ നേതാക്കൾ ഉയർന്നുവരും. എല്ലാ വിഭാഗത്തിന്റെയും ഉന്നമനമാണ് കേന്ദ്ര ലക്ഷ്യം. സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നത്. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ വനിതകൾ നിരീക്ഷിക്കുന്നുണ്ട്’ – മോദി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പിനിടെയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ എന്നിവ ഉൾപ്പെടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറാക്കാമെന്ന് ലോക്സഭ സ്പീക്കറും അറിയിച്ചു.














































