ദെഹ്റാദൂൺ: ഡൽഹിയിൽ നിന്ന് ദെഹ്റാദൂണിലേക്കുള്ള യാത്ര ഇനി വളരെ വേഗത്തിൽ പൂർത്തിയാക്കാം. മുൻപ് ഏകദേശം ആറുമണിക്കൂർ എടുത്തിരുന്ന യാത്ര ഇനി രണ്ടരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകും. ഡൽഹി–ദെഹ്റാദൂൺ സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
ഏകദേശം 12,000 കോടി രൂപ ചെലവിൽ 213 കിലോമീറ്റർ ദൈർഘ്യത്തിൽ ആറുവരിപ്പാതയായാണ് ഈ എക്‌സ്പ്രസ് പാത നിർമിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ മൂന്ന് റെയിൽവേ മേൽപ്പാലങ്ങളും നാല് പ്രധാന പാലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വന്യജീവികളുടെ സ്വതന്ത്ര സഞ്ചാരത്തിനായി സഹാറൻപൂരിൽ 12 കിലോമീറ്റർ നീളത്തിൽ പ്രത്യേക ഇടനാഴി ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി ഇടനാഴിയെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. കൂടാതെ, എട്ട് പ്രത്യേക വന്യജീവി പാതകളും ആനകളുടെ സഞ്ചാരത്തിനായി രണ്ട് അടിപ്പാതകളും നിർമിച്ചിട്ടുണ്ട്.
ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിനു സമീപം ആരംഭിക്കുന്ന ഈ പാത ബാഗ്പത്, ബറൗട്ട്, മുസഫർനഗർ, ഷാംലി, സഹാറൻപൂർ എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്നു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി പ്രദേശത്തെ വ്യാപാര-വ്യവസായ വളർച്ചയ്ക്കും വിനോദസഞ്ചാര വികസനത്തിനും സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടനത്തിന് മുമ്പായി വന്യജീവി ഇടനാഴി സന്ദർശിച്ച പ്രധാനമന്ത്രി, ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര വളർച്ചയെ പ്രശംസിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.













































