തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശിയായ 20കാരിയാണ് ആറുമാസം വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തത്.
നേരത്തെ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ച ശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. ഇതിനിടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ശുചിമുറിയിലേക്ക് പോയ യുവതി അവിടെവെച്ച് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
ശുചിമുറിയിൽനിന്ന് പുറത്തുവന്ന യുവതിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെ ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് ജീവനക്കാർ വിവരം അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം ആശുപത്രിയിലെത്തി സെപ്റ്റിക് ടാങ്ക് തുറന്ന് ഗർഭസ്ഥശിശുവിനെ പുറത്തെടുത്തു. യുവതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അവിവാഹിതയായ യുവതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.



















































