തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭയിൽ എഫ്.സി.ആർ.എ ഭേദഗതി ബിൽ കൊണ്ടുവരാൻ ശ്രമിച്ചത് ചർച്ച ഒഴിവാക്കി വേഗത്തിൽ പാസാക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല
ആരോപിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിരവധി എം.പി.മാർക്ക് സഭയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽരാഹുൽഗാന്ധിയുടെ നിർദേശപ്രകാരം കോൺഗ്രസ് എം.പി.മാർ സഭയിൽ പങ്കെടുത്തതോടെ ബിൽ അവതരിപ്പിക്കാതെ സർക്കാർ പിന്മാറിയതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എം.പി.മാരുടെ പ്രതിഷേധം ഫലം കാണുമെന്നതിന് ഇതു തെളിവാണെന്നും, ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും ശക്തമായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി. സുധാകരൻ യു.ഡി.എഫിനൊപ്പം ചേർന്ന് മത്സരിക്കുന്നതിൽ സി.പി.എം അസ്വസ്ഥരാണെന്നും ചെന്നിത്തല ആരോപിച്ചു. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകരിൽ നിന്ന് ഭീഷണികൾ ഉയരുന്നതായും, സുധാകരന്റെ ഡ്രൈവർക്കും വധഭീഷണി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേർന്നവരെ സ്ഥാനമാനങ്ങൾ നൽകി സ്വീകരിച്ചവരാണ് ഇപ്പോൾ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയവരെ വിമർശിക്കുന്നതെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരകളുടെ പക്ഷത്താണെന്ന് പറയുന്ന സി.പി.എം പലപ്പോഴും പ്രതികളുടെ ഭാഗത്താണ് നിൽക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു. സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അറസ്റ്റുണ്ടായത് മൂന്നാമത്തെ പരാതിയിലാണെന്നും, തിരഞ്ഞെടുപ്പ് സാഹചര്യമാണ് ഈ കേസിൽ നടപടി വേഗത്തിലാക്കാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. അല്ലായിരുന്നുവെങ്കിൽ മറ്റ് കേസുകളിലേതുപോലെ ഇതിലും സർക്കാർ സംരക്ഷണം നൽകിയേനെയെന്നുമാണ് ചെന്നിത്തല പറയുന്നത്.
പ്രതിപക്ഷ നേതാവുമായി നേരിട്ട് സംവദിക്കാൻ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് പിന്മാറി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സംവാദം മാത്രമാണ് ഉദ്ദേശിച്ചതെന്നത് ഒളിച്ചോട്ടമാണെന്നും ചെന്നിത്തല വിമർശിച്ചു. പത്ത് വർഷത്തെ ഭരണകാലത്ത് ചൂണ്ടിക്കാണിക്കാൻ വലിയ വികസന പദ്ധതികളൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം പ്രതികരണങ്ങളിലേയ്ക്ക് ഇടതുസർക്കാർ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി., എസ്.ഡി.പി.ഐ., പി.ഡി.പി. തുടങ്ങിയ വർഗീയ സംഘടനകളുമായി നടത്തിയ ധാരണകളുടെ ബലത്തിൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷമെന്നും, എന്നാൽ മതേതര കേരളം ഈ നീക്കങ്ങളെ തള്ളിക്കളയും എന്നും ചെന്നിത്തല പറഞ്ഞു. ഏറ്റവും പുതിയ രാഷ്ട്രീയ പ്രവണതകൾ പ്രകാരം യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.















































