കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുമ്പ് പരാതി നൽകിയ ബംഗാളി നടി. രഞ്ജിത്ത് നല്ല മനുഷ്യൻ അല്ലെന്നു തെളിഞ്ഞു. പരാതി നൽകിയ നടിക്ക് നന്ദി പറയുന്നു. ഇത് എല്ലാവരും മാതൃകയാക്കണം. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായെന്നും ബംഗാളി നടി പറഞ്ഞു.
‘കർമ ആരെയും വെറുതേ വിടില്ല. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, അദ്ദേഹം നല്ല മനുഷ്യനല്ല. പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു. അന്ന് സാമൂഹികമാധ്യമമൊന്നും സജീവമായിരുന്നില്ല. വൈകിയെന്ന് പറഞ്ഞാണ് എന്റെ പരാതി തള്ളിയത്. സാങ്കേതിക കാരണങ്ങളായിരുന്നു പറഞ്ഞത്. ഞാൻ കള്ളം പറഞ്ഞെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായി. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം. സ്ത്രീകൾ ആദരം അർഹിക്കുന്നുണ്ട്’ -ബംഗാളി നടി പ്രതികരിച്ചു.
ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു. 2009ൽ നടന്നെന്ന് പറയുന്ന സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, 2024 ആഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്.
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ഓഡിഷനായി കൊച്ചിയിലെത്തിയപ്പോൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ സ്പർശിച്ചെന്നായിരുന്നു നടിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസ് കോടതി റദ്ദാക്കി. കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈകോടതി തള്ളിയത്.














































