തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിപലതരം മാരീചവേഷങ്ങളിൽ വാഗ്ദാനങ്ങളുമായി എത്തുമെന്നും അത് വിശ്വസിച്ചാൽ ഇന്നലെവരെ ജീവിച്ചതുപോലെ കേരളത്തിൽ ജീവിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്വീകാര്യതയില്ലാത്തതിന്റെ വിരോധത്താൽ കേന്ദ്ര സർക്കാർ വിവിധ മാർഗങ്ങളിലൂടെ കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജില്ലയിലെ എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി ബി.ജെ.പി., കോൺഗ്രസ് നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്.വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ. പ്രശാന്ത്, നേമത്തെ സ്ഥാനാർഥി വി. ശിവൻകുട്ടി, കഴക്കൂട്ടത്തെ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ, അരുവിക്കര മണ്ഡലത്തിലെ ജി. സ്റ്റീഫൻ എന്നിവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തോടുള്ള പകയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ കേരളത്തെ പ്രകൃതിദുരന്തങ്ങളിൽപ്പോലും സഹായിക്കാത്തതെന്നും വായ്പാപരിധി വെട്ടിക്കുറച്ചതെന്നും പിണറായി പറഞ്ഞു. ‘കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധനയങ്ങളെ യു.ഡി.എഫ് പിന്തുണയ്ക്കുകയാണ് ചെയ്തത്.
കേരളം തകരട്ടെയെന്നതായിരുന്നു കോൺഗ്രസ് നിലപാട്. 2016-ൽ എൽ.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ കേരളം സമസ്തമേഖലകളും തകർന്ന നിലയിലായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെല്ലാം പിന്നീട് ഗുണപരമായ മാറ്റങ്ങളുണ്ടായി.ഇതിന്റെ ഫലമായാണ് തുടർഭരണം ലഭിച്ചത്. ദേശീയപാത നിർമാണം, വ്യവസായമേഖല, നിക്ഷേപസൗഹൃദം എന്നിവയിലെല്ലാം നാം ഒന്നാമതെത്തി. ഇതിന് തുടർച്ചയുണ്ടാകണമെങ്കിൽ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തണം.അടുക്കളയിൽ കയറി ഭക്ഷണം നോക്കി മനുഷ്യനെ കൊല്ലുന്ന സംസ്കാരം കേരളത്തിലില്ല. ഇവിടെ എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങളുമായി സമാധാനമായി ജീവിക്കാം. കഴിഞ്ഞ 10 വർഷമായി കേരളം വർഗീയകലാപങ്ങളിൽനിന്ന് മുക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.















































