മുംബൈ: മഹാരാഷ്ട്രയിലെ വിവാദ ആൾദൈവവും വിഐപി ജ്യോത്സ്യനുമായ അശോക് ഖരാത് കൂടുതൽ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിലാണ് അശോക് ഖരാത് 150-ലേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ 58 സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകൾ പ്രതിയുടെ ചൂഷണത്തിനിരയായതിന്റെ തെളിവുകൾ ലഭിച്ചത്. തിങ്കളാഴ്ച അശോക് ഖരാത്തിന്റെ നാസിക്കിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ട് ലാപ്‌ടോപ്പുകളും ഒരു മൊബൈൽഫോണും എസ്‌ഐടി പിടിച്ചെടുത്തിരുന്നു. ഇതുൾപ്പെടെ വിശദമായി പരിശോധിച്ചതോടെയാണ് 150-ലേറെ സ്ത്രീകൾ പ്രതിയുടെ കെണിയിൽവീണതായി കണ്ടെത്തിയത്.
പരിശോധനയ്ക്ക് പിന്നാലെ ഖരാത്തിന്റെ ഓഫീസ് പോലീസ് സീൽചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അശോക് ഖരാത് ഒന്നിലേറെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഉന്നതരെയും സ്ത്രീകളെയും ബന്ധപ്പെടാനായി വ്യത്യസ്ത ഫോണുകളായിരുന്നു ഇയാൾ ഉപയോഗിച്ചുവന്നിരുന്നത്. ചില സ്ത്രീകളെ ശീതളപാനീയത്തിലും പലഹാരത്തിലും മയക്കുമരുന്ന് കലർത്തിനൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു. ചിലരെ ഭീഷണിപ്പെടുത്തിയും മറ്റുചിലരെ ഹിപ്‌നോട്ടിസംചെയ്തു ഉപദ്രവിച്ചു.
അശോക് ഖരാത്തിന്റെ അറസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയവിവാദവും തിളച്ചുമറിയുകയാണ്. എൻസിപി അജിത് പവാർ വിഭാഗം നേതാവും വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കറും അശോക് ഖരാത്തും തമ്മിലുള്ള ബന്ധത്തിന് പിന്നാലെ മുൻ ശിവസേന മന്ത്രി ദീപക് കെസാർക്കർക്കെതിരേയും ആരോപണമുയർന്നിട്ടുണ്ട്.
















































