കൊട്ടിയം: ഫ്ലോട്ടിനു മുന്നിൽ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സജീവ് മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെ (19) ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കൊട്ടിയം പോലീസ് പിടികൂടി. സംഭവത്തിൽ കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു (26), പ്രിജിത്, അഖിൽരാജ് (29) എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ടുപേർകൂടി അറസ്റ്റിൽ.
സംഭവം ഇങ്ങനെ: ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നിൽ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലിൽ അറിയാതെ ചവിട്ടി. ഇതിൽ പ്രകോപിതരായ ആദിത്യനും സുഹത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിച്ചു. ഇതിനിടെ കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു.
അതേസമയം കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്സുകൾ ഘടിപ്പിച്ച ഫ്ലോട്ടിൽ എൽഇഡി കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കുത്തിയ പ്രതികൾ ഉടൻതന്നെ സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡിൽ വീണതാകാം എന്ന ധാരണയിൽ ഫ്ലോട്ട് കടന്നു പോയ ശേഷം ചിലർ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി കടന്നുപോയി. ഇതു കണ്ടു വന്ന തേജസിന്റെ സുഹൃത്തുക്കൾ എന്തുപറ്റിയെന്ന് അവനോട് ചോദിച്ചു. തന്നെ ആരോ പിന്നിൽ നിന്ന് കുത്തിപരുക്കേൽപ്പിച്ചെന്നും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും ആവശ്യപ്പെട്ടു. ഇതോടെ സുഹൃത്തുക്കൾ അതുവഴി വന്ന പല വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും പലരും വാഹനം നിർത്താൻ തയാറായില്ല. പിന്നീട് അതുവഴി ഐസ് കൊണ്ടു വന്ന പിക് അപ് ഒാട്ടോറിക്ഷയിൽ പാലത്തറ സഹകരണ ആശുപത്രിയിൽ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30 ഒാടെ തേജസ് മരിച്ചു.
അതേസമയം ഒളിവിൽ പോയ പ്രതികൾക്കായി ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ള വൻ പോലീസ് സംഘം പലഭാഗങ്ങളിലേക്ക് തെരച്ചിൽ ആരംഭിച്ചിരുന്നു. ഒടുവിൽ പുലർച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖിൽ രാജിന്റെ വീട്ടിൽ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികൾക്ക് അഭയം നൽകിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത 2 പേരെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളായ വിനു എൻഡിപിഎസ് കേസിൽ നേരത്തേ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ സംഘം കഴിഞ്ഞ വർഷം ഇവിടെ അക്രമം നടത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്. തേജസിന്റെ അമ്മ: സൗമ്യ, സഹോദരി: ലച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

















































