സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻജിൻ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക മിസൈൽ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയതെന്നാണ് റിപ്പോർട്ട് പറയുന്നത്. പുതിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം കിം ജോങ് ഉൻ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയെ അപലപിച്ച് കിം ജോങ് ഉൻ ഉത്തരകൊറിയൻ പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ യുഎസ് ആഗോള ഭീകരവാദവും ആക്രമണവും അഴിച്ചുവിടുന്നെന്നാണ് കിം ആരോപിച്ചത്. അതോടൊപ്പം ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ ശക്തിപ്പെടുത്തണമെന്നും കിം ചൂണ്ടികാട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്.
അതേസമയം യുഎസ് പ്രതിരോധത്തെ പരാജയപ്പെടുത്താനുള്ള മിസൈൽ പരീക്ഷണമാണ് നടന്നത്. ഉത്തരകൊറിയയുടെ അഞ്ച് വർഷ സൈനിക പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. കാർബൺ-ഫൈബർ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ എൻജിൻ പരമാവധി 2,500 ന്യൂട്ടൺ ട്രസ്റ്റ് ശേഷിയുള്ളതാണെന്ന് സർക്കാർ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.
ഈ പരീക്ഷണം രാജ്യത്തിൻ്റെ പുതിയ അഞ്ചുവർഷ പ്രതിരോധ വികസന പദ്ധതിയുടെ ഭാഗമാണെന്നും, സ്ട്രാറ്റജിക് സ്ട്രൈക്ക് ശേഷി മെച്ചപ്പെടുത്തുന്നതിൽ നിർണായക ഘട്ടമാണെന്നും കിം പറഞ്ഞു. സൈനിക ശക്തിയെ ആധുനികവൽക്കരിക്കാൻ ഈ നീക്കം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം, പ്രത്യേക സൈനിക ഓപ്പറേഷൻ വിഭാഗത്തിൻ്റെ പരിശീലന കേന്ദ്രവും കിം സന്ദർശിച്ചു. പ്രത്യേക സേനയുടെ ഘടന പുനസംഘടിപ്പിക്കാനുള്ള പദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചു. പുതിയ മെയിൻ ബാറ്റിൽ ടാങ്കിൻ്റെ പരീക്ഷണങ്ങളും കിം നേരിട്ട് വിലയിരുത്തി. ഈ ടാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആക്ടീവ് പ്രൊഡക്ഷൻ സിസ്റ്റം നിലവിലുള്ള ആൻ്റി-ടാങ്ക് ആയുധങ്ങളെ ഭൂരിഭാഗവും തടയാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ മറ്റ് ടാങ്കുകളെ അപേക്ഷിച്ച് ഇത് മുന്നിലാണ് എന്നും കിം വ്യക്തമാക്കി.

















































