ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമത്സരത്തിൽതന്നെ വിജയവുമായി തുടങ്ങി നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ജൈത്രയാത്ര ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു, വെറും 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു.
വിരാട് കോലിയുടെയും ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന്റെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ആർസിബിയുടെ വിജയം എളുപ്പമാക്കിയത്. 38 പന്തിൽനിന്ന് അഞ്ച് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലി ഹർഷൽ പട്ടേലിന്റെ പന്ത് ബൗണ്ടറി കടത്തി ടീമിന്റെ വിജയ റൺസ് കുറിച്ചു
അതേസമയം ആർസിബിക്കു വേണ്ടി ദേവ്ദത്ത് പടിക്കൽ 26 പന്തിൽനിന്ന് 61 റൺസ് നേടി പുറത്തായപ്പോൾ, ക്യാപ്റ്റൻ രജത് പാട്ടീദാർ (12 പന്തിൽ 31), ടിം ഡേവിഡ് (10 പന്തിൽ 16) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ (38 പന്തിൽ 80) തകർപ്പൻ ഇന്നിങ്സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (11), അഭിഷേക് ശർമ (7) എന്നിവർ നേരത്തെ പുറത്തായെങ്കിലും അഞ്ച് സിക്സറുകളും എട്ട് ഫോറുകളുമടക്കം ഇഷാൻ കിഷൻ ടീമിനെ മാന്യമായ നിലയിലെത്തിച്ചു.
ഹൈദരാബാദ് നിരയിൽ ഹെൻറിച് ക്ലാസൻ (31), അനികേത് വർമ (18 പന്തിൽ 43) എന്നിവരും റൺസ് കണ്ടെത്തി. 11.3 ഓവറിൽ 100 കടന്ന ഹൈദരാബാദ്, അവസാന ഓവറിൽ ജയദേവ് ഉനദ്ഘട്ട് നേടിയ ഡബിൾ റണ്ണിലൂടെയാണ് 200 കടന്നത്. ബെംഗളൂരുവിനായി ജേക്കബ് ഡഫിയും റൊമാരിയോ ഷെഫേഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഡഫി തന്റെ ആദ്യ ഓവറുകളിൽ തന്നെ ഹൈദരാബാദിന്റെ മുൻനിരയെ തകർത്തിരുന്നു. അഭിനന്ദൻ സിങ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
















































